പാലക്കാട് .ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ തർക്കങ്ങൾ പതിവാണ്. എന്നാൽ ബസിൽ കുഴഞ്ഞു വീണ വിദ്യാർഥിനിക്ക്
ജീവനക്കാരുടെ സമയോജിതമായ ഇടപെടലിലൂടെ ജീവൻ തിരിച്ചു കിട്ടിയ വാർത്തയാണ് വാണിയംകുളത്തു നിന്ന് വരുന്നത്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കണ്ടക്ടർ ഇറങ്ങിയോടി ഗതാഗത കുരുക്ക് നിയന്ത്രിച്ചു.
ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ ടി ടി ട്രാൻസ്പോർട്ട് എന്ന സ്വകാര്യ ബസ്സിൽ ആണ് സംഭവം. ഒറ്റപ്പാലത്തു നിന്നും പട്ടാമ്പി മഞ്ഞളുങ്ങലിലേക്ക് ടിക്കറ്റ് എടുത്ത ലക്കിടിയിലെ സ്വകാര്യ കോളേജിലെ വിദ്യാർഥിനി ബസിനുള്ളിൽ കുഴഞ്ഞുവീണു .ഇതോടെ യാത്രക്കാരെ ഇറക്കാനോ കയറ്റാനോ നിൽക്കാതെ ബസ് സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടു. വാണിയംകുളം ടൗണിൽ എത്തിയപ്പോൾ ഗതാഗതക്കുരുക്ക് കണ്ട ബസ് കണ്ടക്ടർ ഇറങ്ങിയോടി ബസ്സിന് പോകാനായി റോഡിലെ മറ്റു വാഹനങ്ങളെയും നിയന്ത്രിച്ചതും നിർണായകമായി..ബസ് നേരെ ആശുപത്രിയുടെ ക്യാഷ്വാലിറ്റിയിലേക്ക് പാഞ്ഞടുത്തു .ബസ്സിൽ ഉണ്ടായിരുന്ന സഹയാത്രക്കാരും കൂടി സഹകരിച്ചതോടെ പെൺകുട്ടിയുടെ ആരോഗ്യനില വീണ്ടെടുക്കാനായി.
ബസ് കണ്ടക്ടർ പട്ടാമ്പി പള്ളിപ്പുറം സ്വദേശിയായ മുപ്പതുകാരൻ രഞ്ജിത്തും, ഡ്രൈവർ എടപ്പാൾ വട്ടംകുളം സ്വദേശി 47 കാരനായ ഹരിനാരായണനുമാണ് സമയോചിത ഇടപെടലിലൂടെ കുട്ടിയുടെ ജീവൻ രക്ഷിച്ചത്.
ഇതോടെ നാട്ടിലെങ്ങും അഭിനന്ദനങ്ങൾ പ്രവാഹമാണ്






































