തിരുവനന്തപുരം. ജി. എസ്. ടി യിലെ നികുതിയിളവ് പ്രഖ്യാപനം വൻകിട കുത്തുക കമ്പനികൾക്ക് ലാഭവേട്ടയ്ക്കുള്ള കേന്ദ്ര സർക്കാർ നയമാണോയെന്ന് ന്യായമായും സംശയിക്കേണ്ട സാഹചര്യമാണ് തെളിഞ്ഞു വരുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്. എസ്. മനോജ് പറഞ്ഞു. നികുതി ഘടനയിൽ മാറ്റം വരുത്തി 10 ദിവസങ്ങൾക്കുള്ളിൽ തന്നെ പല കുത്തക കമ്പനികളുടെയും ഉൽപ്പന്നങ്ങളുടെ വിലയിൽ വർദ്ധനവ് വരുത്തിയതായി കാണുവാൻ കഴിയും. ഉൽപാദക തലത്തിൽ തന്നെ ഇതിന് തടയിടേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
18% ത്തിൽ നിന്നും 5% ത്തിലേക്ക് ജി.എസ്.ടി നികുതിയിൽ ഇളവു വന്ന സാധനങ്ങളുടെ പട്ടിക ഇപ്പോഴും പൂർണമായും വ്യക്തമല്ല. ചില സാധനങ്ങൾക്ക് 18% ആയി തന്നെ നിലനിൽക്കുകയും ചിലതിന് അഞ്ചു ശതമാനമായി കുറയുകയും ചെയ്തു. എന്നാൽ കോമ്പിനേഷൻ ആയി ഉല്പാദിപ്പിക്കുന്ന സാധന സാമഗ്രികൾക്ക് ഉയർന്ന ശതമാനം നികുതി നിലനിൽക്കുന്നു. ഇത് തർക്കങ്ങൾക്ക് കാരണമാകുന്നു. ഈ വിഷയത്തിൽ വ്യക്തത വരുത്തുവാൻ 800 ലധികം കമ്പനികൾക്കാണ് ഒക്ടോബർ 20 വരെ സമയം നൽകിക്കൊണ്ട് കേന്ദ്രം കത്ത് നൽകിയിട്ടുള്ളതെന്നറിയുന്നു.
ഏതൊക്കെ സാധനസാമഗ്രികളുടെ നികുതിയാണ് കുറഞ്ഞതെന്ന് കൃത്യമായി മനസ്സിലാക്കണമെങ്കിൽ കമ്പനികളിൽ നിന്നുള്ള പുതിയ പർച്ചേസ് ബില്ലുകളിൽ നിന്നും മാത്രമേ സാധ്യമാകൂ. നികുതിയിളവില്ലാത്ത സാധനസാമഗ്രികൾക്ക് കുറയ്ക്കുവാനോ നികുതി ഇളവ് വരുത്തിയ സാധനങ്ങൾക്ക് പഴയ ജി.എസ്.ടി. വാങ്ങുവാനോ കഴിയില്ല. ഇതിൽ വരുന്ന പിഴവുകൾക്ക് വ്യാപാരികൾ വലിയ വില കൊടുക്കേണ്ടി വരും. വലിയ ആശങ്കയാണ് വ്യാപാര സ്ഥാപനങ്ങളിൽ നിലനിൽക്കുന്നത്
ചുരുക്കം ചില കമ്പനികളുടെ ഇൻവെന്ററി സോഫ്റ്റ്‌വെയറാണ് ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളിലും ഉപയോഗിക്കുന്നത്. സൂപ്പർ മാർക്കറ്റുകളിലെ 500 ഉൽപ്പന്നങ്ങളുടെ വിവിധ ഇനങ്ങളിൽ (6000 ത്തിലധികം ഇനം) ജി.എസ്.ടിയിൽ ഇളവ് വന്നവ കൃത്യതയോടെ തരംതിരിച്ചുള്ള സോഫ്റ്റ്‌വെയർ അപ്ഡേഷന് സോഫ്റ്റ്‌വെയർ കമ്പനിയിൽ നിന്നും സമയത്തിന് ആളെ കിട്ടാതെ വരുന്നതും വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ ഒന്നായി നിലനിൽക്കുന്നു.
ഇത്തരം ഒരു വലിയ മാറ്റം ജി എസ് ടി യുടെ നികുതി ഘടനയിൽ കൊണ്ടുവരുമ്പോൾ ആവശ്യമായ സമയം നൽകുവാൻ തയ്യാറാവാത്തതും വ്യാപാരികളുടെ പ്രതിസന്ധി വർദ്ധിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.





































