അച്ഛനെ വെട്ടി ആത്മഹത്യാഭീഷണി മുഴക്കി മകൻ; വീട്ടിൽ കോഴിത്തല, ആഭിചാരക്രിയയുടെ അടയാളങ്ങളും കണ്ടെത്തി

Advertisement

തൃശൂർ: മുത്രത്തിക്കരയിൽ അച്‌ഛനെ വെട്ടിയ ശേഷം ആത്മഹത്യ ഭീഷണി മുഴക്കി മകൻ. മുത്രത്തിക്കര സ്വദേശി ശിവ(70)നാണ് മകൻ്റെ വെട്ടേറ്റത്. ഗുരുതരാവസ്ഥയിലായ ശിവനെ മെഡിക്കൽ കോളേജിൽ എത്തിച്ചു. വിവരം അറിഞ്ഞെത്തിയ പൊലീസ് കണ്ടത് സ്ഥലത്ത് ആത്മ​​ഹത്യ ഭീഷണി മുഴക്കുന്ന മകനെയായിരുന്നു.

ഇതോടെ പൊലീസും ഫയർഫോഴ്‌സും അനുനയിപ്പിക്കാനുള്ള ശ്രമം തുടങ്ങി. മകൻ വിഷ്ണുവാണ് ഭീകരാവസ്ഥ സൃഷ്ടിച്ച് വീടിൻ്റെ രണ്ടാം നിലയിൽ നിൽക്കുന്നത്. അച്ഛന് വെട്ടേറ്റു എന്നറിഞ്ഞാണ് സ്ഥലത്തെത്തിയതെന്നും സ്ഥലത്ത് വിഷ്ണുവിനെ കാണാത്തതിനാൽ അന്വേഷിച്ചപ്പോഴാണ് വീടിൻ്റെ രണ്ടാം നിലയിൽ നിൽക്കുന്നത് കണ്ടതെന്നും നാട്ടുകാർ പറയുന്നു.

അതേസമയം, വീട്ടിലെ മുറിയിൽ ആഭിചാരക്രിയയുടെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മുടി കത്തിച്ചതായും കോഴിത്തല വച്ചതായും കണ്ടെത്തി. കരാട്ടെ ഉൾപ്പെടെയുള്ള ആയോധനകലകൾ വശമുള്ള ആളാണ് വിഷ്ണുവെന്ന് പൊലീസ് പറയുന്നു. നാട്ടുകാരുടെ സഹായത്താൽ തൊട്ടടുത്ത ജനൽ പൊളിക്കാനായി രണ്ടാം നിലയിലേക്ക് ഓടിന്റെ പുറത്തുകൂടി കയറുകയാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. ഇതിനായി കൂടുതൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. കഴിഞ്ഞ 45 ദിവസമായി വിഷ്ണു വീട്ടിൽ ഉണ്ടായിരുന്നുവെന്നും വീട് അടച്ചിട്ട് ആഭിചാരക്രിയകൾ നടത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. മാതാപിതാക്കളെ ഇറക്കി വിട്ട ശേഷം ആയിരുന്നു ആഭിചാരക്രിയ. പിതാവിന് ലൈഫ് മിഷനിൽ വീട് പാസായിരുന്നു. സ്ഥലത്തിന്റെ രേഖകൾ എടുക്കാൻ എത്തിയപ്പോഴാണ് പിതാവിനെ ആക്രമിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Advertisement