വാർത്താനോട്ടം

Advertisement

2025 ഒക്ടോബർ 04 ശനി

🌴കേരളീയം🌴

🙏 ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലില്‍ പ്രവേശിച്ചതോടെ സംസ്ഥാനത്ത് ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തില്‍ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

🙏 ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്ന ചടങ്ങില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന ചടങ്ങ് ഇന്ന് വൈകുന്നേരം 5ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

🙏 തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. ദൈവത്തിന്റെ പണം മോഷ്ടിക്കാന്‍ മടിയില്ലാത്ത ആളുകള്‍ ദേവസ്വം ബോര്‍ഡിലേക്ക് വരുന്നുണ്ടെന്നും രാഷ്ട്രീയ പ്രതിനിധികളെന്ന പേരിലാണ് കടന്നു വരുന്നതെന്നും ജി സുധാകരന്‍ ആരോപിച്ചു.

🙏 ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ആരെയും സംരക്ഷിക്കാനോ ആര്‍ക്കെങ്കിലും സംരക്ഷണം ഒരുക്കാനോ സിപിഎമ്മില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഹൈക്കോടതി നിര്‍ദേശ പ്രകാരം ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ട്.

🙏 ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് ഉയര്‍ത്തുന്ന ആശങ്ക രമ്യമായി പരിഹരിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എം പി. വിഷയത്തില്‍ സര്‍ക്കാരും ക്രൈസ്തവ മാനേജ്മെന്റുകളും തമ്മില്‍ ചര്‍ച്ച ആവശ്യമെങ്കില്‍ കേരള കോണ്‍ഗ്രസ് അതിന് മുന്‍കൈയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

🙏 മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടിജെഎസ് ജോര്‍ജ് അന്തരിച്ചു. 97 വയസായിരുന്നു. ഇന്നലെ വൈകിട്ട് 4.30ഓടെ ബെംഗളൂരുവിലായിരുന്നു അന്ത്യം. രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ച പ്രതിഭയാണ് ടിജെഎസ് ജോര്‍ജ്. മാധ്യമപ്രവര്‍ത്തകന്‍, സാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

  🇳🇪   ദേശീയം  🇳🇪

🙏 ആള്‍ക്കൂട്ട ദുരന്തത്തിന് പിന്നാലെ കരൂരിലേക്ക് പോകാന്‍ ടിവികെ അധ്യക്ഷന്‍ വിജയ്. കരൂരിലേക്ക് ഉടന്‍ പോകുമെന്ന് പാര്‍ട്ടി നേതാക്കളെ അറിയിച്ചതായാണ് വിവരം. കരൂരില്‍ മുന്നൊരുക്കങ്ങള്‍ നടത്താന്‍ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. പാര്‍ട്ടി പ്രവര്‍ത്തങ്ങള്‍ക്ക് 20 അംഗ സംഘത്തെയാണ് വിജയ് നിയോഗിച്ചിരിക്കുന്നത്.

🙏 കരൂര്‍ ദുരന്തം മനുഷ്യനിര്‍മ്മിതമെന്ന് മദ്രാസ് ഹൈക്കോടതി. സംഭവത്തില്‍ ടിവികെ നേതാവും നടനുമായ വിജയ്‌ക്കെതിരെ കോടതി രൂക്ഷവിമര്‍ശനവും നടത്തി. തന്നെ കാണാനായിതടിച്ചു കൂടിയ നിരപരാധികളായ ജനങ്ങളെ ഉപേക്ഷിച്ച് വിജയ് അപ്രത്യക്ഷനായെന്നും നടനും രാഷ്ട്രീയക്കാരനുമായ വിജയിയുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നതാണ് ഇതെന്നും കോടതി ചൂണ്ടിക്കാട്ടി.

🙏 തമിഴ്‌നാട് പോലീസിനെ കുഴക്കി വ്യാജ ബോംബ് ഭീഷണികള്‍. ഒരാഴ്ചയ്ക്കിടെ മാത്രം 35-ഓളം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളാണ് പോലീസിന് ലഭിച്ചത്. ഭീഷണി സന്ദേശങ്ങള്‍ കിട്ടിയതിന് പിന്നാലെ വിശദമായ പരിശോധന നടത്തി ഇവയെല്ലാം വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.

🙏 ഛത്തീസ്ഗഡില്‍ 103 മാവോയിസ്റ്റുകള്‍ കീഴടങ്ങി. സര്‍ക്കാര്‍ തലയ്ക്ക് വിലയിട്ട 49 പേരുള്‍പ്പടെയാണ് ബീജാപ്പൂരില്‍ ആയുധം വെച്ച് കീഴടങ്ങിയത്. ഇതില്‍ 23 പേര്‍ സ്ത്രീകളാണ്.

🙏 യുവജന വികസനത്തിന് നാഴികക്കല്ലായ 62,000 കോടിയിലധികം രൂപയുടെ വിവിധ യുവജന കേന്ദ്രീകൃത പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിക്ക് ദില്ലിയിലെ വിജ്ഞാന്‍ ഭവനിലാകും പ്രധാനമന്ത്രി ഈ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുക.

🙏 പ്രശസ്ത ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ സുപ്രീം കോടതിയെ സമീപിച്ച് അറസ്റ്റിലായ പരിപാടിയുടെ സംഘാടകന്‍ ശ്യാംകാനു മഹന്ത. കേസന്വേഷണം അസം പൊലീസില്‍ നിന്ന് സിബിഐക്കോ എന്‍ഐഎക്കോ വിടണമെന്ന് മഹന്ത ആവശ്യപ്പെട്ടു.

🙏 ജെഎന്‍യു, ഹൈദരാബാദ് സര്‍വ്വകലാശാല ഉള്‍പ്പെടെയുള്ള സര്‍വ്വകലാശാലകളില്‍ ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ശാഖകള്‍ സംഘടിപ്പിച്ചതിനെതിരെ എസ്എഫ്ഐ കേന്ദ്രകമ്മറ്റി.

🙏 കിഡ്നി തകരാറുമൂലം മധ്യപ്രദേശിലും രാജസ്ഥാനിലും 11 കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി സംസ്ഥാന ആരോഗ്യവകുപ്പുകള്‍. കുട്ടികളുടെ മരണകാരണം ചുമയ്ക്ക് നല്‍കിയ കഫ് സിറപ്പ് ആണെന്ന ആരോപണത്തിലാണ് പരിശോധന നടക്കുന്നത്.

🙏 പാക് അധീന കശ്മീരിലെ പ്രതിഷേധങ്ങളിലും സംഘര്‍ഷങ്ങളിലും പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റെ അടിച്ചമര്‍ത്തല്‍ നയത്തിനെതിരെയുള്ള സ്വാഭാവിക പ്രതികരണമാണെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാല്‍ വ്യക്തമാക്കി.

🇦🇽  അന്തർദേശീയം  🇦🇴

🙏 അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയില്‍ ചില ഉപാധികള്‍ അംഗീകരിച്ച് ഹമാസ്. ഇസ്രയേലി ബന്ദികളെ വിട്ടയയ്ക്കാനും ഗാസയുടെ ഭരണം കൈമാറുന്നതിനുമാണ് ഹമാസ് സമ്മതം അറിയിച്ചത്.

🙏 ഗാസയുടെ ഭരണം ‘സ്വതന്ത്ര ടെക്നോക്രാറ്റുകളുടെ’ പലസ്തീന്‍ സമിതിക്ക് കൈമാറാന്‍ തയ്യാറാണെന്ന് ഹമാസ് വ്യക്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം ഹമാസിനെ നിരായുധീകരിക്കണമെന്ന സമാധാന പദ്ധതിയിലെ നിര്‍ദേശത്തെക്കുറിച്ച് ഹമാസ് പ്രതികരിച്ചിട്ടില്ല

🙏 ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ ആക്രമണത്തില്‍ പക്കിസ്ഥാന്റെ 10 യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി സിങ്. പാക്കിസ്ഥാന്റെ അഞ്ച് എഫ് 16 ഉള്‍പ്പെടെയാണ് ഇന്ത്യന്‍ സൈന്യം തകത്തതെന്ന് വ്യോമസേന മേധാവി പറഞ്ഞു.

🙏 പാകിസ്ഥാന്‍ നിര്‍മ്മിത ഗ്രനേഡുമായി പഞ്ചാബ് സ്വദേശി പിടിയില്‍. തരണ്‍ സ്വദേശി രവീന്ദര്‍ സിംഗിനെയാണ് അമൃത്സര്‍ പൊലീസ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്ന് രണ്ട് ഹാന്‍ഡ് ഗ്രനേഡുകളും പൊലീസ് കണ്ടെടുത്തു.

🙏 പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യന്‍ കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി രംഗത്ത്. ബീക്കാനെറിലെ സൈനികരെ അഭിസംബോധന ചെയ്ത ജനറല്‍ ദ്വിവേദി, ഭീകരതയെ സഹായിക്കുന്ന പാക്കിസ്ഥാന്റെ നിലപാടിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു.

🙏 അമേരിക്കന്‍ സര്‍ക്കാര്‍ ഷട്ട് ഡൗണ്‍ മൂന്നാം ദിവസം പിന്നിടുമ്പോള്‍ പരിഹാരത്തിനായി തിരക്കിട്ട ശ്രമം. ധന അനുമതി ബില്ല് പാസാക്കാന്‍ സെനറ്റില്‍ ഇന്ന് വീണ്ടും ശ്രമം നടക്കും. ഷട്ട്ഡൗണ്‍ നാലാം ദിവസത്തിലേക്ക് നീങ്ങുമ്പോള്‍ അമേരിക്കയിലെ വിവിധ മേഖലകള്‍ സ്തംഭനാവസ്ഥയിലാണ്.

🏏   കായികം 🏏

🙏 വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. നിലവില്‍ 286 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ക്കുള്ളത്. കെ.എല്‍. രാഹുല്‍, ധ്രുവ് ജുറേല്‍, രവീന്ദ്ര ജഡേജ എന്നിവരുടെ സെഞ്ചുറികളാണ് രണ്ടാം ദിനം ഇന്ത്യക്ക് കരുത്തായത്.

Advertisement