സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ശ്രദ്ധ നേടിയ ആളാണ് സന്തോഷ് വർക്കി എന്ന ആറാട്ട് അണ്ണൻ. സിനിമ റിവ്യൂ വീഡിയോകളിലൂടെയാണ് സന്തോഷ് വർക്കി പ്രശസ്തനാണ്.
ഇപ്പോഴിതാ, തനിക്ക് കാൻസർ ആണെന്ന് തുറന്നുപറയുകയാണ് സന്തോഷ് വർക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്തോഷ് വർക്കി അസുഖത്തെ കുറിച്ച് സംസാരിച്ചത്.
“എന്റെ കാൻസർ മൾട്ടിപ്പിൾ മെലോമ ആണ്. ഇതിനു മരുന്ന് ഇല്ല. എന്റെ അച്ഛനും ഈ അസുഖം ആയിരുന്നു. എനിക്ക് ജീവിക്കണം എന്ന് ഒരു ആഗ്രഹവും ഇല്ല. ഇനി കൂടി വന്നാൽ രണ്ട് മാസം. അതിന് അപ്പുറത്ത് ഞാൻ ജീവിക്കില്ല,” എന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ സന്തോഷ് വർക്കി കുറിച്ചത്.
ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്റെ റിവ്യൂ പറഞ്ഞാണ് സന്തോഷ് വർക്കി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി തുടങ്ങിയത്. സിനിമ കാണാതെ റിവ്യൂ പറഞ്ഞതിന്‍റെ പേരില്‍ സന്തോഷ് വര്‍ക്കിയെ ഒരിക്കൽ ആളുകള്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
പലതവണ വിവാദങ്ങളിലും സന്തോഷ് വർക്കി ഇടം പിടിച്ചിട്ടുണ്ട്. നടിമാരോടുള്ള ആരാധന സൈബർ ഇടത്തിലൂടെ പ്രകടിപ്പിച്ചതിന്റെ പേരിലും പലപ്പോഴും സോഷ്യൽ മീഡിയയുടെ വിമർശനം സന്തോഷ് വർക്കി ഏറ്റുവാങ്ങിയിരുന്നു. നടിമാർക്കെതിരെ ഫേസ്ബുക്കിൽ അശ്ലീല പരാമർശം നടത്തിയ കേസിലും സന്തോഷ് വർക്കിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അടുത്തിടെ ബസൂക്ക എന്ന ചിത്രത്തിലും സന്തോഷ് വർക്കി അഭിനയിച്ചിരുന്നു.
































