മത്സരപരീക്ഷകളിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്താൻ പരിഷ്‌ക്കാരങ്ങൾ പ്രഖ്യാപിച്ച് സ്‌റ്റാഫ് സെലക്ഷൻ കമീഷൻ(എസ്‌എസ്‌സി). എസ്‌എസ്‌സി പരീക്ഷ എഴുതുന്നവർക്ക് ഇനിമുതൽ സ്വന്തം ചോദ്യപേപ്പറുകൾ, നൽകിയ ഉത്തരം, ശരിയായ ഉത്തരങ്ങൾ എന്നിവ കാണാൻ കഴിയുന്ന സംവിധാനം ഓൺലൈനിൽ നടപ്പാക്കും.
ചോദ്യവും ഉത്തരവും സംബന്ധിച്ച് ആക്ഷേപങ്ങളുണ്ടെങ്കിൽ തെളിവടക്കം ഉന്നയിക്കാൻ സഹായിക്കുംവിധം അവയുടെ പകർപ്പുകൾ സൂക്ഷിക്കാനും അനുവാദമുണ്ടായിരിക്കും. മറ്റ് സെഷനിലെ പരീക്ഷകളെ ബാധിക്കാതിരിക്കാൻ മൾട്ടിഷിഫ്‌റ്റ് പരീക്ഷകളിൽ മാത്രമായിരിക്കും പുതിയ പരിഷ്‌ക്കാരങ്ങൾ ബാധകമാകുകയെന്ന് എസ്‌എസ്‌സി അറിയിച്ചു. മാർക്കിടുന്പോൾ തുല്യ–-ശതമാന നോർമലൈസേഷനും നടപ്പാക്കും.
പരീക്ഷകാഠിന്യം വ്യത്യസ്‌തമായതിനാൽ ഇത് ഉദ്യോഗാർഥികളുടെ മാർക്കിടൽ നീതിപൂർവമാക്കാൻ സഹായിക്കുമെന്നാണ് എസ്‌എസ്‌സി ഭാഷ്യം. ഉദ്യോഗാർഥികളുടെ പരീക്ഷ തയ്യാറെടുപ്പിനെ സഹായിക്കാൻ തെരഞ്ഞെടുത്ത മുൻകാല ചോദ്യപ്പേപ്പറുകളും പ്രസിദ്ധീകരിക്കും. ഇത് മെച്ചപ്പെട്ട പഠനം ഉറപ്പാക്കും. ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും കെട്ടിവെയ്‌ക്കേണ്ട ഫീസ് നൂറുരൂപയിൽ നിന്ന് അന്പതുരൂപയായും കുറച്ചിട്ടുണ്ട്.
1800-–309–-3063 എന്ന ടോൾഫ്രീ നന്പർ കൂടാതെ ഓണലൈൻ പരാതി പരിഹാര സംവിധാനവും നടപ്പാക്കും. ആൾമാറാട്ടം അടക്കമുള്ള തട്ടിപ്പുകൾ തടയാൻ ആധാർ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണം ശക്തമാക്കുമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.
































