കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പ സ്വര്‍ണപ്പാളി വിവാദത്തിൽ സുപ്രധാന വെളിപ്പെടുത്തലുമായി വിജയ് മല്യ നിയോഗിച്ച വിദഗ്ധൻ. 1999ൽ തന്നെ ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളും സ്വര്‍ണം കൊണ്ട് പൊതിഞ്ഞിരുന്നുവെന്ന് വിജയ് മല്യ നിയോഗിച്ച വിദഗ്ധൻ സെന്തിൽ നാഥൻ പറഞ്ഞു. അഞ്ചു കിലോഗ്രാമോളം സ്വർണമാണ് ഇതിനായി ഉപയോഗിച്ചതെന്ന് സെന്തിൽ നാഥൻ വെളിപ്പെടുത്തി. ഉയർന്ന ഗുണനിലവാരമുള്ള 24 ക്യാരറ്റ് സ്വർണമാണ് ഉപയോഗിച്ചത്. 30 കിലോയിൽ അധികം സ്വർണ്ണമാണ് സന്നിധാനം സ്വർണ്ണം പൊതിയാൻ യുബി ഗ്രൂപ്പ് അനുവദിച്ചതെന്നും സെന്തിൽ നാഥൻ പറഞ്ഞു. 1999 ൽ വിജയ് മല്യ നടത്തിയ സ്വർണം പൂശൽ യു.ബി ഗ്രൂപ്പിനായി പരിശോധിച്ചത് തമിഴ്നാട് സ്വദേശിയായ എറണാകുളത്ത് താമസിക്കുന്ന സെന്തിൽ നാഥനാണ്.
തിരുവിതാകൂർ ദേവസ്വം മരാമത്ത് ഓഫീസിൽ നിന്ന് ദേവസ്വം വിജിലൻസ് കണ്ടെടുത്ത സുപ്രധാന രേഖകളാണ് സ്വര്‍ണപ്പാളി തട്ടിപ്പിന്‍റെ വ്യാപ്തി പുറത്തുകൊണ്ടുവന്നത്. 1999ൽ വ്യവസായി വിജയ് മല്യ 33 കിലോ സ്വർണമുപയോഗിച്ചാണ് ശ്രീകോവിലും വാതിൽപ്പാളികളും ദ്വാരപാലക ശിൽപങ്ങളും അടക്കം സ്വർണം കൊണ്ടുപൊതിഞ്ഞത്. എന്നാൽ, 2019ൽ ഈ സ്വർണപ്പാളികളെ രേഖകളിൽ ചെമ്പു പാളികളാക്കി മാറ്റിയാണ് വീണ്ടും സ്വർണംപൂശാൻ സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ദേവസ്വം ബോർഡ് അഴിച്ചുനൽകിയത്.
എന്നാൽ, സ്വർണം പൂശാനെന്ന പേരിൽ ചെന്നൈയിലെ സ്മാർട് ക്രിയേഷൻസിൽ എത്തിച്ചത് സന്നിധാനത്തുനിന്ന് ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറിയ സ്വർണപ്പാളികളെല്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്. മുമ്പ് സ്വർണം പൊതിഞ്ഞതോ പൂശിയതോ ആയ പാളികൾ തങ്ങൾ വീണ്ടും സ്വർണം പൂശാറില്ലെന്നും തങ്ങൾക്ക് കിട്ടിയത് പകരം ചെമ്പുപാളികളായിരുന്നെന്നുമാണ് സ്മാർട് ക്രിയേഷൻസ് അധികൃതര്‍ വ്യക്തമാക്കുന്നത്. ശബരിമലയിലേക്ക് ശിൽപങ്ങൾ ഉണ്ടാക്കുന്ന തട്ടാവിള കുടുംബാംഗം ശിൽപി മഹേഷ് പണിക്കരും ഇക്കാര്യങ്ങൾ ശരിവെച്ചിരുന്നു. സ്വർണം പൂശിയ ശേഷം 2019ൽ തിരികെകൊണ്ടുവന്നത് മുമ്പുണ്ടായിരുന്ന സ്വർണപ്പാളികളുടെ കോപ്പിയാണെന്ന് മഹേഷ് പണിക്കര്‍ വ്യക്തമാക്കി.സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റി സ്വന്തം നിലയിൽ ദ്വാരപാലക ശിൽപങ്ങൾ സ്വർണം പൂശി നൽകുമെന്നാണ് 2019ലെ ദേവസ്വം ബോര്‍ഡിന്‍റെ രേഖകളിലുളളത്. എന്നാൽ, സ്വർണം പൂശാനെന്ന പേരിൽ ഭക്തരായ വ്യവസായികളിൽ നിന്നടക്കം ഉണ്ണികൃഷ്ണൻ പോറ്റി വൻ പണപ്പിരിവും നടത്തി. മൂവാറ്റുപുഴ സ്വദേശിയായ ബെംഗളൂരു വ്യവസായി 35 ലക്ഷം നൽകി.
യഥാര്‍ത്ഥ സ്വര്‍ണപ്പാളികള്‍ എവിടെ?
വിജയ് മല്യ യഥാർഥ സ്വർണത്തിൽ പൊതിഞ്ഞു നൽകിയ സന്നിധാനത്തെ യഥാർഥ സ്വർണപ്പാളികൾ എവിടെയാണെന്നതടക്കമുള്ള കാര്യങ്ങളാണ് ഇനി അന്വേഷണത്തിൽ തെളിയേണ്ടത്. ഉണ്ണികൃഷ്ണൻ പോറ്റി അവ മറിച്ചുവിറ്റോ അതോ ചെമ്പുതകിടിൽ നിന്ന് സ്വർണം വേർ തിരിച്ചെടുത്തോയെന്നതടക്കമുള്ള കാര്യമാണ് അന്വേഷിക്കേണ്ടത്. സ്വർണം പൂശാനെന്ന പേരിൽ ആരിൽ നിന്നൊക്കെ എത്ര കോടി രൂപ പിരിച്ചെടുത്തിട്ടുണ്ടെന്ന കാര്യവും അന്വേഷണിക്കണം. 1999 മുതൽ ശബരിമലയിലെ ദ്വാരപാലകശിൽപങ്ങളെ പൊതിഞ്ഞിരുന്ന യഥാർഥ സ്വർണപ്പാളികൾ അപ്രത്യക്ഷമായെന്നാണ് പുതിയ വെളിപ്പെടുത്തലുകളോടെ വ്യക്തമാകുന്നത്. ചെമ്പ് തകിടുനു മുകളിൽ സ്വർണം പൂശിയ മറ്റൊരു പാളിയാണ് 2019 മുതൽ സന്നിധാനത്തുളളതെന്ന് ചെന്നൈയിലെ സ്മാർട് ക്രിയേഷൻസ് അറിയിച്ചു. സ്വർണം പൂശാനെന്ന പേരിൽ സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റി വൻ പണപ്പിരിവ് നടത്തിയെന്നും വ്യക്തമായി. ഒറിജിനൽ മാറ്റി ഡ്യൂപ്ലിക്കേറ്റ് സ്ഥാപിച്ച ഉണ്ണികൃഷ്ണൻ പോറ്റിയുടെ തട്ടിപ്പിൽ ആർക്കൊക്കെ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം ഇനി പരിശോധിക്കേണ്ടത്.





































