കോഴിക്കോട്: ശബരിമല സ്വര്‍ണ്ണപ്പാളി മോഷ്ടിക്കാന്‍ അവസരമൊരുക്കിയ സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അനാസ്ഥയ്‌ക്കെതിരെ വിശ്വാസികളെ അണിനിരത്തി കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും അതില്‍ പങ്കുചേരുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
ശബരിമലയില്‍ വലിയ സുരക്ഷയുണ്ടായിട്ടും സ്വര്‍ണ്ണം നഷ്ടപ്പെടാനുണ്ടായ സാഹചര്യത്തെ വിമര്‍ശിച്ച സണ്ണി ജോസഫ് ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും പ്രതികരണം വിശ്വാസയോഗ്യമല്ലെന്നും പറഞ്ഞു. ഉത്തരവാദിത്തപ്പെട്ടവര്‍ അറിയാതെ ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം നഷ്ടപ്പെടില്ല. കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന് ചൂണ്ടിക്കാട്ടിയ സണ്ണി ജോസഫ്, ശബരിമലയിലെ സ്വര്‍ണ്ണം നഷ്ടപ്പെടാനുണ്ടായ സാഹചര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
നഷ്ടപ്പെട്ട സ്വര്‍ണ്ണം എത്രയെന്ന് കണ്ടെത്തണം. അതിന് ഉത്തരവാദികള്‍ എത്ര ഉന്നതനായാലും കടുത്ത ശിക്ഷാ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കെ പി സി സി അധ്യക്ഷൻ ആവശ്യപ്പെട്ടു. ആരോപണ വിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സര്‍ക്കാര്‍ തലത്തിലുള്ള ദുസ്വാധീനമാണ് തട്ടിപ്പുകള്‍ക്ക് അവസരം ഒരുക്കിയത്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് സംഘടിപ്പിച്ച അയ്യപ്പ സംഗമം പ്രഹസനമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സ്വര്‍ണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളെന്നും സണ്ണി ജോസഫ് പറഞ്ഞു.




































