ചാക്കയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 65 വർഷം കഠിന തടവ്

Advertisement

തിരുവനന്തപുരം. ചാക്കയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസൻകുട്ടിക്ക് 65 വർഷം കഠിന തടവ്.72,000 രൂപ ശിക്ഷയും തിരുവനന്തപുരം പോക്സോ കോടതി വിധിച്ചു.ഇതരസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കള്‍ക്കൊപ്പം റോഡരുകിൽ കിടന്നുറങ്ങുമ്പോഴാണ് കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചത്.

ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള കേസിലാണ് പ്രതി ഹസൻ കുട്ടിക്ക് 65 വർഷം കോടതി
ശിക്ഷ വിധിച്ചത്.പോക്സോ വകുപ്പുകളിൽ മാത്രം 44 വർഷം തടവ് അനുഭവിക്കണം.72,000 രൂപ പിഴ
തുകയിൽ 50,000 രൂപ ഇരയ്ക്കുള്ളതാണ്.2024 ഫെബ്രുവരി 19 ന് പുലർച്ചെയാണ് ചാക്ക റെയിൽവേ പാളത്തിന് സമീപത്തെ പുറമ്പോക്ക് ഭൂമിയിൽ നാടോടി സംഘത്തിനൊപ്പമുണ്ടായിരുന്ന കുട്ടിയെ ഹസന്കുട്ടി തട്ടികൊണ്ടുപോയത്.പീഡിപ്പിച്ച ശേഷം റെയിൽവേ ട്രാക്കിന് സമീപത്തെ പൊന്തകാട്ടിൽ ഉപേക്ഷിച്ചു.
കുട്ടിയുടെ വൈദ്യപരിശോധനാഫലം പീഡനം സ്ഥിരീകരിച്ചതോടെ സിസിറ്റിവികൾ പരിശോധിച്ച്
പ്രതി ഹസൻകുട്ടിയാണെന്ന് ഉറപ്പിച്ചു.സംഭവത്തിനു ശേഷം തമിഴ്‌നാട്ടിൽ ഉൾപ്പടെ ഒളിവിൽ പോയ ഹസ്സൻകുട്ടിയെ കൊല്ലത്തു നിന്നുമാണ് പിടികൂടിയത്.പ്രതിയുടെ വസ്ത്രത്തിൽനിന്ന് കുട്ടിയുടെ തലമുടി ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്താനായതും,കുട്ടിയെ പീഡനത്തിനിരയാക്കിയ സ്ഥലത്തുനിന്നും ശേഖരിച്ച സാമ്പിളുകളും പ്രതിയുടെ വസ്ത്രത്തിൽ നിന്നും ലഭിച്ച സാമ്പിളുകളും ഒന്നാണെന്ന്
കണ്ടെത്തിയതും നിർണ്ണായകമായി.പ്രതിയുടെ മുൻകാല പോക്സോ പശ്ചാത്തലവും ശിക്ഷ
വിധിയിൽ നിർണ്ണായകമായി.

Advertisement