തിരുവനന്തപുരം.ശബരിമലയിലെ പൂജകൾക്ക് ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായി നിന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്.നെയ്യഭിഷേകത്തിന്റെ പേരിൽ ഭക്തരിൽ നിന്നും ലക്ഷക്കണക്കിന് രൂപ പിരിച്ചെന്ന് ദേവസ്വം വിജിലൻസിന് വിവരം ലഭിച്ചു.2022 ജനുവരി ഒന്നിന് ബംഗളുരുവിലെ ഭക്തന്റെ പേരിൽ 18,001 നെയ്തേങ്ങ അഭിഷേകത്തിന് എത്തിച്ചതും ഉണ്ണികൃഷ്ണൻ പോറ്റിയാണ്.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് സന്നിധാനത്തെ സ്വാധീനം വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നത്.2021 ജനുവരി ഒന്നിനാണ് ബംഗളൂരുവിലെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഭക്തനുവേണ്ടി എന്ന് പറഞ്ഞു 18,001 നെയ് തേങ്ങ അഭിഷേകത്തിനായി കൊണ്ടുവന്നത്.പമ്പയിൽ നിന്ന് ട്രാക്ടറിൽ ആയിരുന്നു തേങ്ങ കൊണ്ടുവന്നത്.ദേവസ്വം ബോർഡ് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു.അയ്യപ്പന് ഏറ്റവും വിശേഷപ്പെട്ട വഴിപാടായി കണക്കാക്കുന്നതാണ് നെയ് തേങ്ങ.ഇരു മുടിക്കെട്ടിൽ നെയ് തേങ്ങ കൊണ്ടുവരണമെന്നതാണ് ആചാരം.ട്രാക്ടറിൽ കൊണ്ടുവന്ന നെയ്തേങ്ങ അഭിഷേകം ചെയ്തതിൽ ആചാരലംഘനം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യവും ഉയരുന്നു.മകരവിളക്ക് സീസൺ സമയത്ത് പതിനായിരക്കണക്കിന് ഭക്തർ നെയ്യഭിഷേകത്തിന് ക്യൂ നിൽക്കുമ്പോഴാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ആചാരം പോലും നോക്കാതെയുള്ള വിഐപി പരിഗണന.2021 മുതൽ 23 വരെ നിരവധി പ്രാവശ്യം ഇത്തരത്തിൽ കൂട്ടത്തോടെ നെയ്യഭിഷേകത്തിന് ഉണ്ണികൃഷ്ണൻ പോറ്റി മുൻകൈയെടുത്തു.ഒടുവിൽ 2023 ൽ ദേവസ്വം ബോർഡ് തന്നെ ഇത് വിലക്കുകയായിരുന്നു.നെയ്യഭിഷേകം ഉൾപ്പെടെ പൂജകളുടെ പേരിൽ ഇയാൾ പലരിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നാണ് ദേവസ്വം ബോർഡ് വിജിലൻസിന് ലഭിച്ചിട്ടുള്ള വിവരം.





































