കണ്ണൂര്‍. കെ പി മോഹനൻ എം എൽ എയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതിഷേധക്കാരെ തള്ളി സിപിഐഎം.. ഡയാലിസിസ് സെന്ററുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ പ്രതിഷേധിക്കേണ്ടത് പാനൂർ നഗരസഭക്കെതിരെയാണ് എന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രൻ.. എന്നാൽ എം എൽ എ ആണ് ആദ്യം പ്രകോപനമുണ്ടാക്കിയതെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് സമര സമിതി
എം എൽ എയെ കയ്യേറ്റം ചെയ്ത സംഭവം കേരളത്തിന് തന്നെ അപമാനമാണെന്നാണ് സിപിഐഎം നിലപാട്. എന്നാൽ ആദ്യം പ്രകോപനമുണ്ടാക്കിയത് എം എൽ എ ആണെന്ന് ഡയാലിസിസ് സെന്ററിനെതിരെ സമരം ചെയ്യുന്ന നാട്ടുകാർ ആവർത്തിക്കുന്നു. ‘ നിങ്ങളെ പിന്നെ കണ്ടോളാം’ എന്ന് പറഞ്ഞു സ്ത്രീകളെ ഉൾപ്പടെ തള്ളിയത് എം എൽ എ ആണെന്നാണ് ആരോപണം
2020 മാർച്ചിലാണ് കരിയാട് അഭയ എന്ന പേരിൽ ഡയാലിസിസ് സെന്റർ ആരംഭിച്ചത്. ആദ്യം പരാതികളില്ലാതെ നാട്ടുകാരുടെ പിന്തുണ യോടെ ആയിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനം. എന്നാൽ പിന്നീട് ഡയാലിസിസ് സെന്ററിൽ നിന്നുള്ള മലിനജലം എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് മണ്ണിൽ ഒഴുക്കിയെന്നാണ് ആരോപണം. ഏറെ വൈകാതെ പ്രദേശവാസികളുടെ കിണറുകളിൽ അത് കലർന്നെന്നും നാട്ടുകാർ പറയുന്നു
പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം തുടരാനാണ് സമര സമിതിയുടെ തീരുമാനം.
വിഷയം ചർച്ച ചെയ്യാൻ ഞായറാഴ്ച്ച പ്രദേശത്ത് എം എൽ എയുടെ നേതൃത്വത്തിൽ യോഗം ചേരും

































