തൃശ്ശൂർ. കേരള കലാമണ്ഡലത്തിൻ്റെ ചരിത്രത്തിൽ ഇന്നലെ ഒരു അദ്ധ്യായം കൂടി എഴുതി ചേർന്നു. മുസ്‌ലിം സമുദായത്തിൽ നിന്നുള്ള പെൺകുട്ടിയായ സാബ്രിയുടെ അരങ്ങേറ്റമാണ് കലാമണ്ഡലത്തിന് ചരിത്രം സമ്മാനിച്ചത്.
ചുട്ടി കുത്തി കളിയാടി കഥ പറഞ്ഞ് സാബ്രി നടന്നടുത്തത് ചരിത്രത്തിലേക്കാണ്. കേരള കലാമണ്ഡലത്തിലെ കൂത്തമ്പലത്തില്‍ സാബ്രിയെ കൂടാതെ മറ്റു 6 കുട്ടികള്‍ കൂടി അരങ്ങേറി. സാബ്രി ഉള്‍പ്പടെ 5 കുട്ടികള്‍ പുറപ്പാട് ചടങ്ങില്‍ കൃഷ്ണവേഷത്തില്‍ അരങ്ങിലെത്തുമ്പോള്‍ മറ്റു 2 പേർ ലവണാസുരവധത്തില്‍ കുശ, ലവന്‍മാരായാണ് എത്തിയത്.
2023 ലാണ് സാബ്രി കഥകളി അഭ്യസിക്കാൻ തൃശൂര്‍ ചെറുതുരുത്തിയിലെ കലാമണ്ഡലത്തിൽ എത്തുന്നത്. മുസ്‌ലിം സമുദായത്തിൽ നിന്നുള്ള പെൺകുട്ടി കഥകളി അഭ്യസിക്കാനെത്തിയപ്പോൾ കലാമണ്ഡലത്തിൽ അന്നു പിറന്നത് പുതുചരിത്രമായിരുന്നു.


കൊല്ലം ഇടമുളയ്ക്കൽ തേജസ്സിൽ പരിസ്ഥിതി ഫൊട്ടോഗ്രഫർ നിസാം അമ്മാസിന്റെയും അനീഷയുടെയും മകളാണ് സാബ്രി.
ആദ്യമായി എത്തിയപ്പോൾ ഡോ.കലാമണ്ഡലം ഗോപിയാണ് മുദ്രകൾ പകർന്നു നൽകിയത്. അധ്യാപകൻ കലാമണ്ഡലം അനിൽകുമാറിന്റെയും മറ്റു അധ്യാപകരുടെയും ശിക്ഷണത്തിലായിരുന്നു പിന്നീടുള്ള പഠനം.ചരിത്രം നിമിഷത്തെ ഹർഷാരവത്തോടെയാണ് സദസ്സും വരവേറ്റത്.
































