സ്വർണ്ണപ്പാളി വിവാദം: സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി തിരുവനന്തപുരം കാരേറ്റിലെ വീട്ടിലെത്തി

Advertisement

തിരുവനന്തപുരം:
ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽപ്പെട്ട സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി ബംഗ്ലൂരുവിൽ നിന്ന് തിരുവനന്തപുരത്തെത്തി. ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് കാരേറ്റിലുള്ള വീട്ടിലെത്തിയത്.ശനിയാഴ്ച ദേവസ്വം വിജിലൻസ് ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യാനിരിക്കെയാണ് ഇയാൾ വീട്ടിലെത്തിയത്. ചോദ്യം ചെയ്യലുമായി ഇയാൾ എങ്ങനെ സഹകരിക്കുമെന്ന് ആകാംക്ഷയുണ്ട്. സ്വർണ്ണ പാളി വിവാദത്തിൽ ഇന്ന് രാവിലെ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് , ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് എതിരെ ശക്തമായ ആരോപണമാണ് ഉന്നയിച്ചത്.

ഇതിനിടെ സ്വർണപാളി വിവാദത്തില്‍ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ കൂടുതല്‍ ഗുരുതര കണ്ടെത്തലുകളുമായി ദേവസ്വം വിജിലന്‍സ്. സ്വർണം പൂശുന്നതിനും അന്നദാനത്തിന്‍റെ പേരിലും ഉണ്ണികൃഷ്ണന്‍ പോറ്റി വ്യാപക പണപ്പിരിവ് നടത്തിയെന്നാണ് ദേവസ്വം വിജിലൻസിൻ്റെ കണ്ടെത്തല്‍. മറ്റ് സംസ്ഥാനങ്ങളിലും പണപ്പിരിവ് നടത്തി. സ്വർണ പാളി ബെംഗളൂരൂവില്‍ കൊണ്ടുപോയതും പണപിരിവി‍ന്‍റെ ഭാഗമെന്നാണ് സംശയം. ശബരിമലയുമായി അടുത്ത ബന്ധമുണ്ടെന്ന് വരുത്തിത്തീർത്ത് കർണ്ണാടക സ്വദേശികളായ സമ്പന്നരായ അയ്യപ്പഭക്തരിൽ നിന്നും പണപ്പിരിവ് നടത്തിയെന്ന ആരോപണം ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ നേരത്തെതന്നെ ഉണ്ടായിരുന്നു. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണ്ണപാളി ശബരിമല ശ്രീകോവിൽ വാതിൽ എന്ന പേരിൽ ബംഗലൂരുവിലെ ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ച് പൂജിച്ച വാർത്തകളും പുറത്ത് വന്നിരുന്നു.

Advertisement