സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ 2000 ആകുമോ…?

Advertisement

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചേക്കും. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അടുത്ത മാസം തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് 1600 രൂപയാണ് ക്ഷേമ പെന്‍ഷന്‍. ഇത് 400 രൂപ വര്‍ധിപ്പിച്ച് 2000 രൂപയാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നവംബര്‍ – ഡിസംബര്‍ മാസങ്ങളിലായിരിക്കും കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക.
മാതൃകാപെരുമാറ്റ ചട്ടം നിലവില്‍ വരുന്നതിന് മുന്‍പ് ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഏപ്രില്‍ – മേയ് മാസങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. ഇതിന് മുന്നോടിയായി ഒരിക്കല്‍ കൂടി ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചേക്കും. അതേസമയം പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനും സര്‍ക്കാര്‍ തലത്തില്‍ ആലോചന നടക്കുന്നുണ്ട്.

ഇത് കൂടാതെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമ ബത്ത അനുവദിക്കുന്നതും ശമ്പള പരിഷ്‌കരണം പ്രഖ്യാപിക്കുന്നതും പരിഗണനയിലുണ്ട് എന്നാണ് വിവരം.മുഖ്യമന്ത്രി പിണറായി വിജയനും സി പി എം നേതൃത്വവും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിക്കാനാണ് നീക്കം.

Advertisement