ബസിന് മുന്നില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടു, ജീവനക്കാര്‍ക്ക് മന്ത്രിയുടെ ശകാരം

Advertisement

കെഎസ്ആര്‍ടിസി ബസില്‍ മന്ത്രി ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന. ബസിന് മുന്നില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടെന്ന സംഭവത്തില്‍ ജീവനക്കാര്‍ക്ക് മന്ത്രിയുടെ ശകാരം. കൊല്ലം ആയൂരില്‍ വച്ചായിരുന്നു ബസ് തടഞ്ഞു നിര്‍ത്തി കെ ബി ഗണേഷ് കുമാറിന്റെ ഇടപെടല്‍. കോട്ടയം – തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ ബസ് തടഞ്ഞായിരുന്നു മന്ത്രിയുടെ രോഷ പ്രകടനം.

ബസുകള്‍ വൃത്തിയായി സൂക്ഷിക്കണം എന്നും, പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിടരുത് എന്ന് എംഡി നേരത്തെ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇത് ജീവനക്കാര്‍ പാലിച്ചില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വീഴ്ച വരുത്തിയ ജീവനക്കാര്‍ക്ക് എതിരെ നടപടി എടുക്കുമെന്നും മന്ത്രി റോഡില്‍ വച്ച് തന്നെ പ്രഖ്യാപിച്ചു.


തങ്ങളല്ല കുപ്പികള്‍ ഉപേക്ഷിച്ചത് എന്ന ജീവനക്കാരുടെ വിശദീകരണത്തിന് ചെവി കൊടുക്കാനും മന്ത്രി തയ്യാറായില്ല. ഇന്നലെ ബസില്‍ നിക്ഷേപിച്ച കുപ്പികളാണെങ്കില്‍ ഇന്ന് ബസ് സര്‍വീസ് നടത്തുമുന്‍പ് എന്താണ് നിങ്ങള്‍ ചെയ്തത് എന്ന ചോദ്യവും മന്ത്രി ഉയര്‍ത്തി. രാവിലെ വണ്ടിയില്‍ കയറി സ്റ്റാര്‍ട്ട് ചെയ്ത് പോരുകയായിരുന്നോ എന്നും മന്ത്രി ചോദിച്ചു.

തിരുവനന്തപുരത്ത് നിന്നും കൊട്ടാരക്കരയ്ക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു കോട്ടയത്ത് നിന്നും പോകുന്ന ബസ് മന്ത്രിയുടെ മുന്നിലെത്തിയത്. ബസ് ശ്രദ്ധിച്ച മന്ത്രി ആയൂരില്‍ നിന്നും ബസിനെ പിന്തുടര്‍ന്ന് തടയുകയായിരുന്നു.

Advertisement