കഥകളിയില്‍ അരങ്ങേറാൻ മുസ്ലീം സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടി

Advertisement

കഥകളിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചപ്പോള്‍ മുസ്ലിം സമുദായത്തില്‍നിന്ന് കലാമണ്ഡലത്തില്‍ കഥകളി പഠിക്കാനെത്തിയ ആദ്യ പെണ്‍കുട്ടിയായ സാബ്രി കഥകളി അരങ്ങേറ്റത്തിനു ഒരുങ്ങുന്നു. കഥകളിയില്‍ പെണ്‍കുട്ടികള്‍ക്കു പ്രവേശനം അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച കഥകളി ആചാര്യനായ കലാമണ്ഡലം ഗോപിക്കു തന്നെ ഗുരുദക്ഷിണ നല്‍കിയാണ് സാബ്രി കലാമണ്ഡലത്തില്‍ 2023-ല്‍ പ്രവേശനം നേടിയത്.
രണ്ടര വര്‍ഷ പഠനത്തിനു ശേഷമാണ് കൊല്ലം ജില്ലയിലെ അഞ്ചില്‍ പനച്ചവിള തേജസില്‍ വീട്ടില്‍ നിസ്സാം അമ്മാസിന്റെയും അനീസയുടെയും മകള്‍ സാബ്രി അരങ്ങേറുന്നത്. തെക്കന്‍ ശൈലിയിലായിരുന്നു പരിശീലനം.

അഞ്ചല്‍ ഇടമുളക്കല്‍ ഗവണ്‍മെന്റ് ജവഹര്‍ ഹൈസ്‌കൂളില്‍ നിന്ന് ഏഴാം തരം കഴിഞ്ഞാണ് സാബ്രി കലാമണ്ഡലത്തില്‍ എത്തുന്നത്. ചെറുപ്പം മുതലേ കഥകളിയോടും കഥകളി വേഷത്തോടും ഇഷ്ടം കൂടിയ സാബ്രിയുടെ ചിരകാല സ്വപ്നമാണ് പൂവണിയുന്നത്. പരിസ്ഥിതി ഫോട്ടോഗ്രാഫറായ പിതാവ് കഥകളി ചിത്രങ്ങള്‍ പകര്‍ത്താന്‍ കാമറയുമായി കഥകളി നടക്കുന്ന സ്ഥലങ്ങളില്‍ എത്തുമ്പോള്‍, പിതാവിനോടൊപ്പം പാതിരാവോളം കൂടെയുണ്ടായിരുന്ന മകളുടെ ആഗ്രഹം മനസ്സിലാക്കി കലാമണ്ഡലം അധ്യാപകന്‍ കൂടിയായ കൊല്ലം ചടയമംഗലം സ്വദേശി ആരോമല്‍ സാബ്രിയെ പരിശീലനത്തിന് പ്രേരിപ്പിക്കുകയായിരുന്നു.

രണ്ടുവര്‍ഷം പരിശീലനം നടത്തിയതിനുശേഷം ആണ് കലാമണ്ഡലത്തില്‍ എത്തിയത്. കലാമണ്ഡലത്തില്‍ എട്ടാം ക്ലാസില്‍ ആദ്യമായി കയറുമ്പോള്‍ കഥകളിയുടെ കുലപതി കലാമണ്ഡലം ഗോപി ആശാനാണ് ആദ്യപാഠം ചൊല്ലിക്കൊടുത്തത്. രണ്ടര വര്‍ഷങ്ങള്‍ക്കു മുമ്പ് ആചാര്യ സന്നിധി എന്ന പേരില്‍ ആശാന്‍ ആദ്യമുദ്രകള്‍ പകര്‍ന്നു നല്‍കിയതിനുശേഷം ആണ് പിന്നീടുള്ള ഓരോ മുദ്രകള്‍ അധ്യാപകര്‍ പഠിപ്പിച്ചു നല്‍കിയത്. അരങ്ങേറ്റം കുറിക്കാന്‍ സഹപാഠികളായ മൂന്നു പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളും ഉണ്ട്. പുറപ്പാട് ആണ് അവതരിപ്പിക്കുക. ക്ലാസ് അധ്യാപകന്‍ കലാമണ്ഡലം അനില്‍കുമാറിന്റെയും മറ്റുആശാന്മാരുടെയും ശിക്ഷണത്തില്‍ അവസാനവട്ട പരിശീലനത്തിലാണ് ഇവര്‍.

Advertisement