2025 സെപ്തംബർ 29 തിങ്കൾ
BREAKING NEWS
👉ലഡാക്ക് പ്രതിഷേധക്കാരുമായി ഇന്ന് സർക്കാർ ചർച്ച നടത്തും.
👉കരൂര്‍ ദുരന്തത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും.
👉മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇന്നലെ ഉച്ചയോടെയാണ് ടിവികെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

👉 തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്യുടെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി.
🌴കേരളീയം🌴
🙏 ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം പരാതി നല്‍കിയ സ്പോണ്‍സറുടെ ബന്ധു വീട്ടില്‍ നിന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തി. സ്വര്‍ണ്ണപീഠം തിരുവനന്തപുരത്തെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റി. ഹൈക്കോടതിക്ക് വിജിലന്‍സ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
🙏 ശബരിമലയിലെ ദ്വാരപാലക പീഠം കാണാതായ സംഭവത്തില്‍ ദേവസ്വം ബോര്‍ഡിനും ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. 2021 മുതല്‍ സ്വര്‍ണ്ണപീഠം എവിടെ എന്നതില്‍ അന്വേഷണം നടത്തിയിരുന്നില്ല. കൂടാതെ ശബരിമലയില്‍ സമര്‍പ്പിച്ച പീഠം മഹസറിലും രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

🙏 ശബരിമലയ്ക്ക് ഒരു കുഴപ്പം ഉണ്ടെന്നും ശബരിമലയുമായി ബന്ധപ്പെട്ട് എന്തുചെയ്താലും വിവാദമാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഒരു രൂപയുടെ അഴിമതി പോലും നടത്താതെ ആണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കുന്നതെന്നും ഒരു കട്ടന്‍ചായയുടെ പേരില്‍ പോലും അഴിമതി നടത്തിയിട്ടില്ല എന്ന ബോധ്യം ഉണ്ടെന്നും ഇത് കൃത്യമായി അറിയാവുന്നത് കൊണ്ടാണ് സമുദായ നേതാക്കള്‍ പിന്തുണ നല്‍കുന്നതെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
🙏 സമുദായ സംഘടനകളോട് കോണ്‍ഗ്രസിന് ബഹുമാനമെന്നും എന്‍എസ്എസിന് എതിരായ വിമര്‍ശനങ്ങളില്‍ കോണ്‍ഗ്രസ് പങ്കാളികളല്ലെന്നും കെ സി വേണുഗോപാല്‍ എംപി. പരസ്യമായി കോണ്‍ഗ്രസ് ഒന്നും പറയേണ്ടതില്ല.
🙏 രാജ്ഭവന്‍ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ രാജഹംസിന്റെ പ്രകാശനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസിക ശശി തരൂരിന് നല്‍കിക്കൊണ്ടാണ് മുഖ്യമന്ത്രി പ്രകാശന കര്‍മം നിര്‍വ്വഹിച്ചത്.

🙏 സംസ്ഥാന ജിഎസ്ടി വകുപ്പ് ഇന്റലിജന്‍സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് വിഭാഗം സംയുക്തമായി സംസ്ഥാന വ്യാപകമായി ബാര്‍ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. ഓപ്പറേഷന്‍ പ്രാന്‍സിംഗ് പോണി എന്ന പേരിലായിരുന്നു പരിശോധന.
🙏 അങ്കണവാടി കുട്ടികള്‍ മുതല്‍ 104 വയസ്സുള്ള അബ്ദുല്ല മൗലവി വരെ ഡിജിറ്റലായി സ്മാര്‍ട്ടാകുന്ന കേരളമാണ് നവകേരളമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. തൃക്കാക്കര നഗരസഭ 23-ാം ഡിവിഷനില്‍ പൂര്‍ത്തീകരിച്ച അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
🙏 ബാലരാമപുരത്ത് രണ്ടു വയസുള്ള സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പൊലീസിന്റെ നിര്‍ണായകമായ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മൗനം തുടര്‍ന്ന് ശ്രീതു. കുട്ടിയെ സഹോദരന്‍ കിണറ്റിലിട്ടത് ശ്രീതുവിന്റെ അറിവോടെ തന്നെയെന്ന് പൊലീസ് പറയുന്നു.

🙏 സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകളില്‍ നിന്ന് വിന്റര്‍ സീസണ്‍ വിമാനസര്‍വീസുകള്‍ മംഗളൂരു, ലഖ്നൗ, ജയ്പൂര്‍ എന്നിവിടങ്ങളിലേയ്ക്ക് മാറ്റിയ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കേന്ദ്ര വ്യേമയാന മന്ത്രാലയത്തിന് അയക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

🇳🇪 ദേശീയം 🇳🇪
🙏 പായ് വഞ്ചിയില്‍ 238 ദിവസം കൊണ്ട് ഭൂമി ചുറ്റിവന്ന മലയാളിയായ കെ.ദില്‍നയെയും തമിഴ്നാട്ടുകാരിയായ എ. രൂപയെയും മന്‍കീബാത്തില്‍ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെയും നരേന്ദ്രമോദി മന്‍ കി ബാത്തില്‍ പ്രശംസിച്ചു.
🙏 ചാനല്‍ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി നടത്തിയെന്ന് ആരോപിച്ച് ബിജെപി പ്രതിനിധി പ്രിന്റു മഹാദേവിനെതിരെ പൊലീസില്‍ പരാതി. ആലപ്പുഴ ഡിസിസി ജനറല്‍ സെക്രട്ടറി ബിപിന്‍ മാമ്മന്‍ ആണ് തിരുവല്ല പൊലീസില്‍ പരാതി നല്‍കിയത്.

🙏 ദില്ലിയിലെ വസന്ത് കുഞ്ചിലുള്ള ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റ് റിസര്‍ച്ച് എന്ന കോളേജിനറെ മുന്‍ ചെയര്‍മാനായിരുന്നു സ്വാമി ചൈതന്യാനന്ദ സരസ്വതി അറസ്റ്റില്‍. ചെയര്‍മാനായിരിക്കെ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനികളെ കൂട്ടമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് ദില്ലിയില്‍ ഏറെ ആരാധകരുള്ള ‘ആള്‍ദൈവം’ സ്വാമി ചൈതന്യാനന്ദ സരസ്വതിയെ ദില്ലി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
🙏 വിന്റര്‍ ഷെഡ്യൂളിന്റെ ഭാഗമായി സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. കുവൈത്തില്‍ നിന്നും മറ്റു ജിസിസി രാജ്യങ്ങളില്‍ നിന്നും കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള സര്‍വിസുകളാണ് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ പ്രധാനമായും വെട്ടിക്കുറച്ചത്.
🙏 ലഡാക്കില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മാറ്റി ഉടന്‍ പൂര്‍വസ്ഥിതിയിലെത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാന പദവി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇന്നലെ പരീക്ഷണാടിസ്ഥാനത്തില്‍ 2 തവണ ഇളവ് വരുത്തിയിരുന്നു.

🇦🇽 അന്തർദേശീയം 🇦🇺
🙏 പാകിസ്താനിലെ അപൂര്‍വ ധാതുക്കള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമ്മാനിച്ച് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും സൈനികമേധാവി അസിം മുനീറും. വൈറ്റ്ഹൗസ് സന്ദര്‍ശിച്ചവേളയിലാണ് അപൂര്‍വധാതുക്കളടങ്ങിയ പെട്ടി ട്രംപിന് കൈമാറിയത്.
🙏 യുക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യയുടെ കനത്ത വ്യോമാക്രമണം. പന്ത്രണ്ട് വയസുകാരിയടക്കം 4 പേര്‍ കൊല്ലപ്പെട്ടു. ആശുപത്രികളും ഫാക്ടറികളും അടക്കമുള്ള കെട്ടിടങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നു. കീവ് ലക്ഷ്യമാക്കി റഷ്യന്‍ സൈന്യം 595 ഡ്രോണുകളും 38 മിസൈലുകളും പ്രയോഗിച്ചുവെന്നും ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും വെടിവെച്ചിട്ടെന്നും യുക്രൈന്‍ അവകാശപ്പെട്ടു.

🙏 ഫേസ്ബുക്ക് തട്ടിപ്പുകള്‍ തടയാന്‍ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് മേല്‍ കര്‍ശന സമ്മര്‍ദ്ദവുമായി സിംഗപ്പൂര്‍ സര്‍ക്കാര്‍. ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുകളും തട്ടിപ്പുകളും വര്‍ദ്ധിക്കുന്നത് തടയാന്‍ ഈ മാസം അവസാനത്തോടെ മെറ്റാ മുഖം തിരിച്ചറിയല്‍ പോലുള്ള സാങ്കേതികവിദ്യ നടപ്പിലാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
🙏 യുഎസിലെ മിഷിഗനില്‍ മോര്‍മോണ്‍ സഭയുടെ പള്ളിയിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ മരിച്ചു. ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. അക്രമിയെ വധിച്ചതായി പോലീസ് അറിയിച്ചു. ഗ്രാന്‍ഡ് ബ്ലാങ്കിലെ പള്ളിയില്‍ ഞായറാഴ്ച പ്രാര്‍ഥന നടക്കവേയായിരുന്നു വെടിവെപ്പ്. വാഹനത്തിലെത്തിയ അക്രമി പള്ളിയിലേക്ക് വാഹനമോടിച്ചുകയറ്റിയാണ് നിറയൊഴിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

🏏കായികം🏏
🙏യുദ്ധസമാനമായ കലാശപ്പോരില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഏഷ്യാ കപ്പ് ക്രിക്കറ്റ് കീരീടം സ്വന്തമാക്കി ടീം ഇന്ത്യ. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന് ലഭിച്ച മികച്ച തുടക്കം മുതലാക്കാനാകാതെ 19.1 ഓവറില്‍ 146ന് എല്ലാവരും പുറത്തായി. 12.4 ഓവറില്‍ 113 ന് 1 എന്ന് മികച്ച നിലയിലായിരുന്ന പാകിസ്ഥാനെ നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് തകര്‍ത്തത്.

🙏 38 പന്തില്‍ 57 റണ്‍സെടുത്ത സാഹിബ്‌സാദ ഫര്‍ഹാനും 35 പന്തില്‍ 46 റണ്‍സെടുത്ത ഫഖര്‍ സമാനുമാണ് പാകിസ്ഥാന് മികച്ച തുടക്കം സമ്മാനിച്ചത്.
👉 മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 20 റണ്‍സ് നേടുന്നതിനിടയില്‍ 3 വിക്കറ്റുകള്‍ വീണ ഇന്ത്യയെ രക്ഷിച്ചത് 24 റണ്‍സെടുത്ത സഞ്ജു സാംസണിനും 33 റണ്‍സെടുത്ത ശിവം ദുബെക്കുമൊപ്പം 69 റണ്‍സെടുത്ത് പുറത്താകാതെ നിന്ന തിലക് വര്‍മയുടെ വീരോചിത പോരാട്ടമാണ്.
🙏 നേരിട്ട ആദ്യ പന്ത് തന്നെ റിങ്കു സിംഗ് ബൗണ്ടറിയിലേക്ക് പായിച്ചതോടെ ഇന്ത്യ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

🙏 53 പന്തില്‍ 69 റണ്‍സെടുത്ത് ഇന്ത്യക്ക് കിരീടം നേടി കൊടുത്ത തിലക് വര്‍മ തന്നെയാണ് കളിയിലെ താരം. 7 കളികളില്‍ നിന്ന് 314 റണ്‍സെടുത്ത് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ടൂര്‍ണമെന്റിന്റെ താരം.
🙏7 കളികളില്‍ നിന്ന് 17 വിക്കറ്റെടുത്ത ഇന്ത്യയുടെ കുല്‍ദീപ് യാദവാണ് വിക്കറ്റ് വേട്ടയില്‍ ഒന്നാമന്‍.

🙏 ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ അവേശപ്പോരാട്ടത്തിലൂടെ പാകിസ്താനെ കീഴടക്കി കിരീടം നേടിയെങ്കിലും ജേതാക്കള്‍ക്കുള്ള ട്രോഫി ഇന്ത്യ ഏറ്റുവാങ്ങിയില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തലവന്‍ എന്ന നിലയില്‍ പിസിബി ചെയര്‍മാന്‍ കൂടിയായ മുഹസിന്‍ നഖ്വിയാണ് കപ്പ് കൈമാറേണ്ടിയിരുന്നത്. ഇതൊഴിവാക്കാനാണ് വിതരണ ചടങ്ങില്‍നിന്ന് ഇന്ത്യ വിട്ടുനിന്നത്.

🙏 ഏഷ്യാ കപ്പ് കിരീടം സമ്മാനദാന ചടങ്ങില്‍ വച്ച് ഇന്ത്യയ്ക്ക് നല്‍കിയില്ലെന്ന വെളിപ്പെടുത്തലുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ചാമ്പ്യന്മാരായ ടീമിന് ട്രോഫി നല്‍കാതിരിക്കുന്നത് ക്രിക്കറ്റ് കളിച്ചു തുടങ്ങിയ ശേഷമുള്ള ആദ്യ അനുഭവമെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.
🙏 പാകിസ്താനെ തകര്‍ത്ത് ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം ചൂടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ‘കളിക്കളത്തിലും ഓപ്പറേഷന്‍ സിന്ദൂര്‍, ഫലം ഒന്നുതന്നെ; ഇന്ത്യയുടെ വിജയം. നമ്മുടെ ക്രിക്കറ്റ് താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍’- എന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍.

🙏 മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് നടന്ന 94-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ബിസിസിഐയുടെ 37ാംമത് പ്രസിഡന്റായി മുന്‍ ഇന്ത്യന്‍ താരം മിഥുന്‍ മന്‍ഹാസ് തെരഞ്ഞെടുക്കപ്പെട്ടു. വനിതാ ഐപിഎല്‍ ചെയര്‍മാനായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായ ജയേഷ് ജോര്‍ജിനെയും തെരഞ്ഞടുത്തു.ഐപിഎല്ലില്‍ വിവിധ ടീമുകളുടെ താരമായിരുന്ന മന്‍ഹാസ്, ഗുജറാത്ത് ടീമിന്റെ സഹ പരിശീലകനും ആയിരുന്നു.






































