തിരുവനന്തപുരം: ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം സ്പോൺസറുടെ ബന്ധു വീട്ടിൽ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ന്യായീകരിച്ച് അമ്മ സുഭദ്രാമ്മ. വാസുദേവന്‍റെ വീട്ടില്‍ പീഠം ഉണ്ടായിരുന്ന കാര്യം ഉണ്ണികൃഷ്ണന് അറിയില്ലായിരുന്നെന്ന് സുഭദ്രാമ്മ പറഞ്ഞു.
പീഠവുമായി ആദ്യം വീട്ടില്‍ വരുന്നത് ഉണ്ണിക്കൃഷ്ണന്‍റെ സുഹൃത്ത് വാസുദേവനാണ്. കഴിഞ്ഞ 21നാണ് വാസുദേവന്‍ മകള്‍ക്കൊപ്പം വെഞ്ഞാറമ്മൂട് എത്തിയത്. നാലര വര്‍ഷമായി തന്‍റെ വീട്ടില്‍ പീഠം വെച്ചിരിക്കുകയായിരുന്നുവെന്ന് പറഞ്ഞു. കേസ് നടക്കുന്നതിനാല്‍ പീഠം ദേവസ്വം ഓഫീസിലെത്തിക്കാൻ ഉണ്ണിക്കൃഷ്ണന്‍ അപ്പോള്‍ നിര്‍ദേശിച്ചു. എന്നാല്‍ തന്നെ പൊലീസ് പിടിച്ചു ജയിലിലിടുമെന്ന് വാസുദേവൻ പറയുകയും പീഠം ഏറ്റുവാങ്ങിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതായും സുഭദ്രാമ്മ പറഞ്ഞു.
തുടര്‍ന്ന് പീഠം വീടിന്‍റെ മുകള്‍ നിലയിലുള്ള അലമാരയില്‍ വെക്കുകയായിരുന്നു. ഇക്കാര്യം ആരോടും പറയരുതെന്ന് ഉണ്ണികൃഷ്ണന്‍ വാസുദേവനോട് പറഞ്ഞെന്നും സുഭദ്രാമ്മ പറഞ്ഞു. 25ന് ഉണ്ണിക്കൃഷ്ണന്‍ പീഠവുമായി സഹോദരി മിനി ദേവിയുടെ വീട്ടിലേക്ക് പോയി. ബംഗളൂരുവില്‍ പോകേണ്ടതിനാൽ പീഠം സഹോദരിയുടെ വീട്ടിൽ വെച്ചു. രണ്ടു ദിവസം മുന്‍പ് വിജിലന്‍സ് നടത്തിയ ചോദ്യം ചെയ്യയിൽ വാസുദേവൻ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി. അങ്ങനെയാണ് വിജിലന്‍സ് മിനി ദേവിയുടെ വീട്ടിലെത്തി പീഠം തിരികെ എടുത്തത്.
വലിയ പീഠം യോജിക്കാത്തതിനാല്‍ ശബരിമലയില്‍ പോയി പുതിയ അളവെടുത്താണ് ചെറിയ പീഠം പണിഞ്ഞത്. എന്നാല്‍, ഇതിനുശേഷം വലിയ പീഠം എങ്ങനെ വാസുദേവന്റെ കൈയിലെത്തിയെന്ന് അറിയില്ലെന്ന് സുഭദ്രാമ്മ പറയുന്നു. സ്റ്റോക്ക് റൂമിൽ സൂക്ഷിക്കേണ്ട വലിയ പീഠം തിരികെ നല്‍കിയത് ദേവസ്വം അധികൃതര്‍ മഹസ്സറിൽ രേഖപ്പെടുത്താത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു.
ശബരിമലയില്‍ കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി
ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം പരാതി നൽകിയ സ്പോൺസറുടെ ബന്ധു വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. ദേവസ്വം വിജിലൻസാണ് പീഠം കണ്ടെത്തിയത്. കഴിഞ്ഞ 13നാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയത്. ഉണ്ണികൃഷ്ണൻ പോറ്റിയാണ് പീഠം സഹോദരരുടെ വീട്ടിലേക്ക് മാറ്റിയത്. വാസുദേവൻ എന്ന ജോലിക്കാരന്‍റെ വീട്ടിലാണ് ആദ്യം ഇത് സൂക്ഷിച്ചത്. കോടതി വിഷയത്തിൽ ഇടപെട്ടപ്പോൾ വാസുദേവൻ സ്വർണപീഠം ഉണ്ണികൃഷ്ണൻ പോറ്റിയെ തിരികെ ഏൽപ്പിച്ചു. 2021 മുതൽ ദ്വാര പാലക പീഠം വാസുദേവന്‍റെ വീട്ടിൽ ഉണ്ടായിരുന്നു. വാസുദേവന്‍റെ വീട്ടിലെ സ്വീകരണമുറിയിലായിരുന്നു പീഠം സൂക്ഷിച്ചത്.




































