കോതമംഗലം.വീടിന് നേരെ കാട്ടാന ആക്രമണം. ആനയെ ഓടിക്കുന്നതിനിടെ കോട്ടപ്പടി സ്വദേശി പോൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. തുടർച്ചയായി ഉണ്ടാക്കുന്ന കാട്ടാന ആക്രമണത്തിൽ പ്രദേശത്ത് വ്യാപക കൃഷി നാശം.
കഴിഞ്ഞ ഏതാനും ദിവസമായി കോതമംഗലം കോട്ടപ്പടി മേഖലയിൽ ഒറ്റയാന്റെ വിളയാട്ടമാണ്. വാവേലി ഭാഗത്തു ഇറങ്ങിയ കാട്ടാന വീടുകളും ആക്രമിച്ചു. വീട്ടുമുറ്റത്ത് ശബ്ദം കേട്ടാണ് പോള്‍ പുറത്തേക്കിറങ്ങിയത്. മുറ്റത്തുനിന്ന ഒറ്റയാൻ നേരെ പാഞ്ഞടുത്തു. തലനാരിഴക്കാണ് പോൾ രക്ഷപ്പെട്ടത്. പിന്നാലെ വീടിന്റെ ജനലും ചില്ലുകളും ആന തകർത്തു.
കൃഷിയിടങ്ങളിലേക്ക് കടന്ന ആന പുലരുവോളം വ്യാപകമായി നാശനഷ്ടം വരുത്തി. മലയാറ്റൂർ വനമേഖലയിൽ നിന്നും പലപ്പോഴും കോട്ടപ്പടി മേഖലയിലേക്ക് ഇറങ്ങുന്ന കാട്ടാനകൾ പ്രദേശവാസികളെ ആക്രമിക്കാനും തുടങ്ങിയത് ആശങ്കയ്ക്ക് ഇട നൽകുന്നുണ്ട്. വനം വകുപ്പിന്റെ ഭാഗത്തുനിന്ന് കർശന ഇടപെടൽ വേണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.
rep image





































