തിരുവനന്തപുരം: അമൃതാനന്ദമയിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ആദരവും സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ സ്നേഹാലിംഗനവും വിവാദത്തില്‍. അമൃതാനന്ദമയി ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ മലയാളത്തില്‍ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷത്തിലാണ് സര്‍ക്കാരിന്റെ ആദരവ്.
സ്നേഹത്തിന്റെയും സേവനത്തിന്റെ പ്രകാശം അമ്മ ലോകത്ത് പരത്തുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസ്സില്‍ വെച്ച് നടന്ന പരിപാടിയില്‍ അമൃതാനന്ദമയിയെ സജി ചെറിയാന്‍ ചേര്‍ത്ത് പിടിക്കുകയും നെറ്റിയില്‍ ചുംബിക്കുകയും ചെയ്തു. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇടത് വിമര്‍ശകരും അനുഭാവികളും അടക്കമുളളവര്‍ വലിയ വിമര്‍ശനമാണ് സര്‍ക്കാരിനും മന്ത്രിക്കും എതിരെ ഉയര്‍ത്തുന്നത്.
ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരിലെ മന്ത്രി ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും തിരഞ്ഞെടുപ്പ് മുന്നിലെത്തിയത് കൊണ്ടുളള ഗിമ്മിക്ക് ആണെന്നുമാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം. സിപിഎമ്മിനെ പരിഹസിച്ച് അഡ്വക്കേറ്റ് എ ജയശങ്കര്‍, നടന്‍ ജോയ് മാത്യു അടക്കമുളളവര്‍ രംഗത്ത് വന്നിട്ടുണ്ട്.
അഡ്വക്കേറ്റ് എ ജയശങ്കര്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം: ” അമ്മയ്‌ക്കൊരുമ്മ. കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) മാതാ അമൃതാനന്ദമയി ദേവിയെ നവോത്ഥാന നായികയായി വീണ്ടും അംഗീകരിച്ചു. 2026 ഏപ്രില്‍- മേയ് വരെ ഇതിന് പ്രാബല്യം ഉണ്ടാകും. ജീവചരിത്രം എഴുതിയ ശിഷ്യയുമായി ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖം കൈരളി പീപ്പിള്‍ ചാനലില്‍ ഇനി സംപ്രേഷണം ചെയ്യില്ല. ആള്‍ദൈവം, കടപ്പുറം സുധാമണി എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ തല്‍ക്കാലം ഉപയോഗിക്കരുതെന്ന് സൈബര്‍ സഖാക്കളേ ഓര്‍മ്മിപ്പിക്കുന്നു. സഖാക്കളേ, തെരഞ്ഞെടുപ്പാണ് വരുന്നത് ഓരോ വോട്ടും പ്രധാനമാണ്. അമ്മേ, മഹാമായേ…”
ജോയ് മാത്യുവിന്റെ പ്രതികരണം ഇങ്ങനെ: ”ജോൺ ബ്രിട്ടാസ് എന്നൊരു പത്രപ്രവർത്തകൻ ഉണ്ടായിരുന്നു . അദ്ദേഹം ഒരു ചാനലിന്റെ മേധാവിയായിരുന്നകാലം . ഒരിക്കൽ ഒരു മദാമ്മ ഒരു പുസ്തകം ഉണ്ടാക്കി; നന്നായി വിറ്റു . അത് കേട്ടപാതി കേൾക്കാത്ത പാതി വിദ്വാൻ ആകാശത്തേക്ക് ഏണിവെച്ചു വിമാനം പിടിച്ചു അമേരിക്കയിലെത്തി മദാമ്മയെ അഭിമുഖിച്ചു . അതിലൂടെ നമ്മുടെ അമൃതാനന്ദമയി അമ്മയെ തേജോവധിച്ചു . കുട്ടിസഖാക്കൾ അത് കണ്ടു കുട്ടിക്കരണം മറിഞ്ഞു അട്ടഹസിച്ചു. കാലം എല്ലാത്തിനും കണക്ക് പറയും. ഇന്നിതാ നമ്മുടെ വിപ്ലവകാരി മന്ത്രി നമ്മുടെ അമ്മയെ സാഷ്ടംഗം പ്രണമിക്കുന്നു. ഹാരിക്കുന്നു (ഹാരമണിയിക്കുന്നു ) മൂർദ്ധാവിൽ ചുംബിക്കുന്നു. (കാൽക്കൽ വീഴുവാൻ ആഗ്രഹിച്ചുവെങ്കിലും നടന്നില്ല ). പോരാത്തതിന് സർട്ടിഫിക്കറ്റും കൊടുക്കുന്നു (സർട്ടിഫിക്കറ്റിൽ എന്താണ് വരഞ്ഞതെന്ന് അറിയില്ല ). അങ്ങ് ദൂരെ ദില്ലിയിലുള്ള സഖാവ് ബ്രിട്ടാസ് ഇതെല്ലാം കാണുന്നുണ്ടായിരിക്കുമോ ? ആദ്യം അയ്യപ്പന്റെ മഹത്വം തിരിച്ചറിഞ്ഞു. ഇപ്പോഴിതാ മാതാ അമൃതാനന്ദമയി യുടെ മഹത്വവും സഖാക്കൾ തിരിച്ചറിഞ്ഞിരിക്കുന്നു. വൈകിയാണെങ്കിലും വിപ്ലവകാരികൾ ഇതൊക്കെ തിരിച്ചറിഞ്ഞതിൽ നമുക്ക് സന്തോഷിക്കാം”.
അതേസമയം സജി ചെറിയാനെ പോലുളള ഒരു കമ്യൂണിസ്റ്റ് നേതാവിന് അമൃതാനന്ദമയിയുടെ അടുത്ത് ദുസ്വാതന്ത്ര്യം എടുക്കാന്‍ അനുമതി നല്‍കിയത് അമ്മയുടെ ഭക്തര്‍ക്കിടയിലും വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. നാടകമാണെന്ന് വ്യക്തമായി ബോധ്യമുള്ള ഒരു ചടങ്ങിലേക്ക് അനുമതി നല്‍കിയത് തെറ്റായിപ്പോയി. അമ്മയെ ആരും തിരികെ ചുംബിക്കാറില്ല അതും മറ്റൊരു നാടകമാക്കിയെന്നാണ് വിമര്‍ശനം.



































