അതിശക്തമായ മഴ തുടരാൻ സാധ്യത

Advertisement

തെക്കൻ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഒൻപത് ജില്ലകളിൽ മഴ മുന്നറിയിപ്പ്.
തിരുവനന്തപുരം പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളക്കെട്ടിലായി.താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും കൃഷിയിടങ്ങളിലും ഉൾപ്പെടെ വെള്ളക്കെട്ട് രൂക്ഷം.ജില്ലയിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യം നേരിടാൻ ഫയർഫോഴ്സ് അടക്കമുള്ള ദ്രുത കർമ്മ സേന സജ്ജം എന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ബംഗാൾ കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണം. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇന്ന് അതിശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും കൊല്ലം ആലപ്പുഴ എറണാകുളം തൃശൂർ പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴയും കാറ്റും ശക്തമായേക്കും.

ഇന്നലെ രാത്രി മുതൽ ആരംഭിച്ച കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളക്കെട്ടിലായി..തമ്പാനൂർ കിഴക്കേകോട്ട പഴവങ്ങാടി മേഖല വെള്ളക്കെട്ടിൽ മുങ്ങി.താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി കനത്ത നാശനഷ്ടമുണ്ടായി.

മന്ത്രിമാരായ വി ശിവൻകുട്ടിയുടെയും പി എ മുഹമ്മദ് റിയാസിന്റെയും നേതൃത്വത്തിൽ അടിയന്തരം യോഗം ചേർന്ന് ജില്ലയിലെ മഴക്കെടുതി സാഹചര്യം വിലയിരുത്തി.

വെങ്ങാനൂർ ചാവടിനടയിൽ വ്യാപക കൃഷി നാശമുണ്ടായി.വീരണകാവിൽ ആറുമാസം മുമ്പ് നിർമ്മിച്ച ജലസേചന വകുപ്പിന്റെ ചാനൽ ബണ്ട് തകർന്നു വീണു. കാട്ടാക്കട അഞ്ചുതെങ്ങുംമൂട് കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറി.വാമനപുരം നദിയിൽ നീരൊഴുക്ക് വർധിച്ചു. അരുവിക്കര ഡാമിൻറെ ഷട്ടറുകൾ ഉയർത്തി. പ്രതികൂല കാലാവസ്ഥ കാരണം വിനോദസഞ്ചാര കേന്ദ്രങ്ങളായ പൊൻമുടി, മങ്കയം ,കല്ലാർ – മീൻമൂട്ടി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു.

Advertisement