തിരുവനന്തപുരം: ജില്ലയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിലേയ്ക്കുള്ള സന്ദര്‍ശനം നിരോധിച്ചു. പ്രതികൂല കാലാവസ്ഥ കാരണം ഇന്ന് മുതല്‍ ഇനി ഒരു നിർദ്ദേശം ഉണ്ടാകുന്നതുവരെ അടച്ചിടുന്നതായിട്ടാണ് തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസർ അറിയിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരത്തെ സ്കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും ഉള്‍പ്പെടെ ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മുൻകൂട്ടി നിശ്ചയിച്ചിരുന്ന പൊതു പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടാകില്ല. ഇന്ന് എട്ട് ജില്ലകളില്‍ ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.





































