സിപിഎം എന്നും വിശ്വാസികൾക്കൊപ്പമെന്ന് എം വി ഗോവിന്ദൻ; ‘യുവതീപ്രവേശന കാലത്തെ നിലപാട് പഴയ കാര്യം, അത് തുറക്കേണ്ടതില്ല’

Advertisement

തിരുവനന്തപുരം: സിപിഎം എന്നും വിശ്വാസികൾക്കൊപ്പമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്നലെയും ഇന്നും നാളെയും അത് അങ്ങനെയായിരിക്കും. എൻഎസ്എസ് മാത്രമല്ല വിവിധ വിഭാഗങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നത് നയത്തിനുള്ള അംഗീകാരമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ഇനി പഴയ കാലം തുറക്കേണ്ടതില്ലെന്നായിരുന്നു യുവതീപ്രവേശന കാലത്തെ നിലപാടിനോടുള്ള മറുപടി. യുഡിഎഫിനെ നയിക്കുന്നത് മുസ്‍ലിം ലീഗാണെന്നും യുഡിഎഫിലെ ഒരു കക്ഷിയെയും ഇടത് മുന്നണിക്ക് ആവശ്യമില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.

അയ്യപ്പസം​ഗമം ലോകപ്രശസ്ത വിജയമെന്ന് എം വി ഗോവിന്ദൻ
ആ​ഗോള അയ്യപ്പ സം​ഗമം ലോകപ്രശസ്ത വിജയമെന്ന് നേരത്തെ എം വി ​ഗോവിന്ദൻ പറഞ്ഞിരുന്നു. 4000ത്തിലധികം പേർ സം​ഗമത്തിൽ പങ്കെടുത്തെന്നും അദ്ദേഹം അവകാശപ്പെട്ടു. വേണെമെങ്കിൽ എഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്നായിരുന്നു സം​ഗമ സദസ്സിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ച് എം വി ​ഗോവിന്ദൻ നൽകിയ വിശദീകരണം. എല്ലാ സെഷനിലും ആൾ വേണമെന്നുണ്ടോ എന്നും ​ഗോവിന്ദൻ ചോദിച്ചു. സം​ഗമം പരാജയമെന്നത് മാധ്യമ പ്രചാരണമാണെന്നും നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിച്ചുവെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു.

രൂക്ഷമായി വിമർശിച്ച് സമസ്ത മുഖപത്രം
സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം. അയ്യപ്പ സംഗമത്തിന്‍റെ പേരില്‍ തെളിഞ്ഞത് ഇടതു സര്‍ക്കാരിന്‍റെ കറകളഞ്ഞ വര്‍ഗീയ മുഖമാണ്. മതേതര മനസിനെ മുറിവേല്‍പ്പിക്കുന്ന സമുദായ നേതാക്കളുമൊത്തുള്ള അപകടക്കളി ഏതു വൈതാളികരെ കൂട്ടുപിടിച്ചും തുടര്‍ഭരണം ഉറപ്പാക്കണമെന്ന അതിമോഹം കൊണ്ടാണ്. ഈ നിലപാട് മതേതര മൂല്യങ്ങളുടെ അടിവേരിളക്കുമെന്ന് പിണറായി വിജയന് പറഞ്ഞുകൊടുക്കണം. മുസ്ലിം സമുദായത്തിനെതിരെ വിഷം ചീറ്റുന്ന വെള്ളാപ്പള്ളിയാണ് മുഖ്യമന്ത്രിയുടെ കൂട്ട്. യോഗി ആദിത്യനാഥിനെ ക്ഷണിച്ചത് ഏതുതരം ഭൗതികവാദമാണെന്ന് എം വി ഗോവിന്ദൻ വിശദീകരിക്കണം. സമദൂരവും ശരിദൂരവുമൊക്കെ കൈയൊഴിഞ്ഞ് എൻഎസ്എസ് ഇടതുചേരിയിലേക്ക് അകലം കുറയ്ക്കുന്നു. വരേണ്യ നിലപാടുകള്‍ മുറുകെപ്പിടിക്കുന്നവരെ കൂടെക്കൂട്ടണോ എന്ന് ഇടതുകക്ഷികൾ ആലോചിക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

Advertisement