തിരുവനന്തപുരം: തിരുവനന്തപുരം തിരുമലയിൽ ആത്മഹത്യ ചെയ്ത ബിജെപി കൗൺസിലർ അനിൽകുമാർ പ്രസിഡൻറായിരുന്ന സഹകരണ സംഘത്തിന് പൊലീസ് നോട്ടീസ്. സഹകരണ സംഘത്തിലെ ഡയറക്ടർ ബോർഡിലെ വിശദാംശങ്ങളും ഓഡിറ്റ് റിപ്പോർട്ടും ആവശ്യപ്പെട്ടാണ് സംഘം സെക്രട്ടറിക്ക് പൊലീസ് നോട്ടീസ് നൽകിയത്.
അന്വേഷണം കൻറോൺമെൻറ് അസി.കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറി. 15 വർഷത്തോളം അനിൽകുമാർ പ്രസിഡൻറായിരുന്നു സഹകരണ സംഘത്തിന് ആറു കോടിയുടെ സാമ്പത്തിക പ്രതിസന്ധിയുണ്ട്. ചട്ടവിരുദ്ധമായ വായ്പയും ശമ്പളവും നിയമനവും നൽകിയതിലൂടെ കോടികളുടെ നഷ്ടം സംഭവിച്ചുവെന്ന് സഹകരണ വകുപ്പിൻറെ അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്.
നിക്ഷേപകർ പണം ആവശ്യപ്പെട്ട് എത്തിയതോടെ മടക്കി കൊടുക്കാൻ കഴിയാതെ വന്നത് അനിലിനെ മാനസിക സംഘർഷത്തിലാക്കിയെന്നാണ് സുഹൃത്തുക്കൾ പൂജപ്പുര പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. സംഘത്തിൻറെ സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്ന വ്യക്തമായതോടെ ഇതിലേക്കും അന്വേഷണം നീങ്ങുകയാണ്. സംഘത്തിലെ മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ, സാമ്പത്തിക നില സംബന്ധിച്ച് ഓഡിറ്റ് റിപ്പോർട്ട് എന്നിവയാണ് ഇപ്പോൾ തേടിയിരിക്കുന്നത്. എന്നാൽ, സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ച് പ്രത്യേക അന്വേഷണം വേണ്ടിവരുമെന്നാണ് പൊലീസ് പറയുന്നത്. നിക്ഷേപകരോ സഹകരണ വകുപ്പോ പരാതി നൽകിയാൽ തമ്പാനൂർ പൊലീസ് പ്രത്യേകം കേസെടുക്കേണ്ടിവരും.
അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാനും സാധ്യത
സംഘം സ്ഥിതി ചെയ്യുന്നത് തമ്പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. സഹകരണ സംഘത്തിന് പ്രതിസന്ധിയുണ്ടായിരുന്നോ എന്നും അതിലൂടെ ആരെങ്കിലും അനിലിനെ മാനസികമായി സമ്മർദ്ദനത്തിലാക്കിയോ എന്നുമാണ് നിലവിൽ നടക്കുന്ന അന്വേഷണം. പൂജപ്പുര പൊലീസ് നടത്തുന്ന അന്വേഷണത്തിൻറെ ഫയൽ ഇന്ന് കൻറോൻമെൻറ് അസി.കമ്മീഷണർക്ക് കൈമാറും. അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തുള്ള പ്രത്യേക സംഘമാണ് ഇനി കേസന്വേഷിക്കുന്നത്. അനിലിൻറെ കുടുംബാംഗങ്ങളുടെ മൊഴി ഇനി രേഖപ്പെടുത്തും. ബിജെപി നേതാക്കളും പ്രവർത്തകരുമെടുത്ത വായ്പ തിരിച്ചക്കടക്കാനാകാതെ സംഘത്തെ പ്രതിസന്ധിലാക്കിയെന്നാണ് സിപിഎം ആരോപണം. അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറാനുള്ള സാധ്യതയമുണ്ട്.


































