തിരുവനന്തപുരം: സർക്കാർ നോര്‍ക്ക റൂട്ട്സ് മുഖേന ആരംഭിക്കുന്ന ‘നോര്‍ക്ക കെയര്‍’ ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയിൽ തിരികെ വന്ന പ്രവാസികളെ അവഗണിച്ചതിൽ പരക്കെ പ്രതിഷേധം. പദ്ധതി പ്രവാസി കേരളീയർക്കും വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കും വലിയ ആശ്വാസമാണ് എന്ന് പ്രത്യക്ഷത്തിൽ തോന്നാം. എന്നാൽ, വിദേശത്ത് ജോലി ചെയ്യുന്നവർക്കും പഠിക്കുന്ന വിദ്യാർഥികൾക്കുമെല്ലാം തങ്ങളെ സ്പോൺസർ ചെയ്യുന്ന സ്ഥാപനങ്ങൾ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതുകൊണ്ട് ഇത് എത്രമാത്രം പ്രവാസികൾക്ക് സഹായകരമാകും എന്നത് കണ്ടറിയണം. കാരണം ഇത് ഉപയോഗപ്പെടുത്തണമെങ്കിൽ ഇന്ത്യയിലുള്ള ഹോസ്പിറ്റലുകളിലൂടെ മാത്രമേ സാധിക്കൂ. നാട്ടിലുള്ള കുടുംബാംഗങ്ങൾക്ക് ഈ ഇൻഷുറൻസ് ഉപയോഗപ്പെടുത്താം എന്നതാണ് ഒരേ ഒരു ആകർഷണം. അതും നോർക്ക ഐ ഡി ഉള്ളവർക്ക് മാത്രം. എന്നാൽ ഒരിക്കൽ വിദേശത്ത് പ്രവാസജീവിതം കഴിച്ച്, പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുന്നെങ്കിൽ മാത്രമേ ഈ പദ്ധതിയുടെ ഉദ്ദേശം സത്യസന്ധമാകൂ.
അല്ലാത്ത പക്ഷം തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് പ്രവാസികൾക്ക് എന്തോ വലിയ കാര്യം ചെയ്തു എന്ന പ്രതീതി ഉണ്ടാക്കാനുള്ള സർക്കാർ താല്പര്യം എന്നു മാത്രമേ ഇതിനെ കരുതാനാവൂ.
ഈ പദ്ധതികൊണ്ട് സർക്കാർ ഖജനാവിൽ നിന്നും ഒരു രൂപ പോലും ചെലവാക്കേണ്ടതില്ല. വിദേശത്ത് ജോലിചെയ്തും കഠിനമായ സാഹചര്യങ്ങളിൽ ജീവിച്ചും വർഷങ്ങളോളം സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക മേഖലകളിൽ സംഭാവന ചെയ്തവർക്ക് ഇതിന്റെ പ്രയോജനം ലഭ്യമാക്കണമെന്ന ആവശ്യമാണ് സാധാരണക്കാരായ തിരികെ വന്ന പ്രവാസികൾക്കുള്ളത്. രണ്ട് ദശ ലക്ഷത്തോളം വരുന്ന പ്രവാസികളിൽ ബഹു ഭൂരിപക്ഷവും 60 വയസ്സ് കഴിഞ്ഞവരാണ്. അവർക്ക് കൂടി ക്ഷേമ പെൻഷൻ അനുവദിക്കണമെന്ന ദീർഘകാല ആവശ്യം നിലനിൽക്കെയാണ് ഇക്കാര്യത്തിലും തഴയപ്പെട്ടത്.
നാട്ടിലേക്ക് മടങ്ങിയശേഷം വലിയ സാമ്പത്തിക കട ബാധ്യതയും ചികിത്സാ ചെലവുകളും കൊണ്ട് നട്ടം തിരിയുന്ന പ്രവാസികളുടെ പ്രശ്നങ്ങൾ വേണ്ട വിധത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരിഗണിക്കുന്നില്ല എന്നതാണ് അവസ്ഥ. പലരും തൊഴിൽ നഷ്ടപ്പെട്ട അവസ്ഥയിലോ, ആരോഗ്യ പ്രശ്നങ്ങളാലോ നാട്ടിലേക്ക് തിരികെ വന്നവരാണ്. ഇവർക്ക് ‘നോര്‍ക്ക കെയറി’ന്റെ പരിരക്ഷ ഉറപ്പാക്കുക എന്നത് സർക്കാരിന്റെ ചുമതലയാണ്.
നാട്ടിൽ തിരികെയെത്തിയ പ്രവാസികൾക്കും സാധുവായ നോര്‍ക്ക ഐ.ഡി. കാർഡ് നൽകി ‘നോര്‍ക്ക കെയര്‍’ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും, ഇതുസംബന്ധിച്ച അടിയന്തിര നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി ജെ മാത്യു, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പത്മാലയം മിനിലാൽ എന്നിവർ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം അധികൃതർ സ്വീകരിക്കുന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുന്നതിന് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ നേതൃയോഗം തീരുമാനിച്ചു.





































