ആലപ്പുഴ. ചേർത്തല ബിന്ദു പത്മനാഭൻ കൊലപാതകക്കേസിൽ പ്രതി സി എം സെബാസ്റ്റ്യൻ അറസ്റ്റിൽ.
ക്രൈംബ്രാഞ്ച് ജയിലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.കോട്ടയത്തെ
ജൈനമ്മ കൊലപാതകക്കേസിൽ റിമാന്റിൽ കഴിയുകയായിരുന്നു സെബാസ്റ്റ്യൻ.നിർണായ ക ഘട്ടത്തിൽ അന്വേഷണം എത്തി നിൽക്കുമ്പോഴും സെബാസ്റ്റ്യൻ ഇടനിലക്കാർ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി ബിന്ദു പത്മനാഭൻ ആക്ഷൻ കൗൺസിൽ രംഗത്ത് എത്തി.
ഏറ്റുമാനൂരിലെ ജെയ്നമ്മ തിരോധാന കേസിൽ റിമാൻഡിൽ കഴിയുന്ന സെബാസ്റ്റ്യനെ ബിന്ദു കൊലപാതക കേസിൽ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ചേർത്തല കോടതിയിൽ നേരത്തെ അന്വേഷണ സംഘം അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് ബിന്ദു കൊലപാതകവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യൻ്റെ അറസ്റ്റും രേഖപ്പെടുത്തിയത്.
ബിന്ദുപത്മനാഭനെ കൊലപ്പെടുത്തിയതായും, സെബാസ്റ്റ്യനെ ഒന്നാം പ്രതിയാക്കി കേസെടുത്തതായും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. കാണാതായ 2006ൽ തന്നെ ബിന്ദു കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടിൽ പറയുന്നത്.
ബിന്ദുവിൻ്റെ മൃതദേഹമടക്കം കണ്ടെത്തുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനു മാണ് സെബാസ്റ്റ്യനെ കസ്റ്റഡിയിൽ വാങ്ങുന്നത്.2021 ൽ ബിന്ദുപത്മനാഭൻ കൊല്ലപ്പെട്ടതായി നിഗമനത്തിലെത്തിയെങ്കിലും സംശയ നിഴലിലായ സെബാസ്റ്റ്യനെതിരെ അന്ന് കൊലപാതക കേസെടുത്തിരുന്നില്ല.
2017 സെപ്റ്റംബറിൽ ബിന്ദുവിന്റെ സഹോദരൻ പ്രവീൺകുമാർ ആഭ്യന്തരവകുപ്പിന് നൽകിയ പരാതിയിൽ ആദ്യം പട്ടണക്കാട് പൊലീസാണ് അന്വേഷണം നടത്തിയത്. പിന്നീട് സംസ്ഥാന ക്രൈം ബ്രാഞ്ചിനെ അന്വേഷണ ചുമതല ഏൽപിച്ചു. പ്രാഥമിക അന്വേഷണത്തിൽ സെബാസ്റ്റ്യനെ ഒന്നാം പ്രതിയാക്കി തട്ടിപ്പ്,ആൾമാറാട്ടം,തിരിമറി തുടങ്ങി മൂന്നു കേസുകളെടുത്തിരുന്നു.നിലവിൽ ചേർത്തല പൊലീസ് പുനരന്വേഷിക്കുന്ന ചേർത്തല സ്വദേശിനി ഐഷയെ കാണാതായ കേസിലും സെബാസ്റ്റ്യൻ സംശയ നിഴലിലാണ്. കേസ് അട്ടിമറിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ നിരന്തരമായി ഇടപെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ബിന്ദു പത്മനാഭൻ ആക്ഷൻ കൗൺസിൽ ചെയർമാൻ കെ ആർ രൂപേഷ് രംഗത്തെത്തി. ഐപിഎസ് ദല്ലാൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇതിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെടുന്നതായും രൂപേഷ് വ്യക്തമാക്കി
































