2025 സെപ്തംബർ 23 ചൊവ്വ
BREAKING NEWS
👉മറയൂർ ചിന്നാർ റോഡിൽ കാട്ടാന റോഡ് ഗതാഗതം തടസ്സപ്പെടുത്തി.
👉ദേശീയ ചലച്ചിത്ര പുരസ്ക്കാര വിതരണം ഇന്ന്.മലയാള സിനിമയ്ക്കു 5 അവാർഡുകൾ.

👉 സി പി ഐ പാർട്ടി കോൺഗ്രസ്: പ്രായപരിധിയെ ചൊല്ലി തർക്കം, ദേശീയ സെക്രട്ടറി ഡി രാജയ്ക്ക് ഇളവ് നൽകരുതെന്ന് കേരള ഘടകം
👉കെ ജെ ഷൈനിനെതിരായ പരാമർശം, കെ.എം ഷാജഹാനെതിരെ പോസ്റ്റർ
👉 കൊല്ലം കുമ്മിളിൽ രണ്ട് കാറുകളിലായി കടത്തിയ 10 ലക്ഷം രൂപ വിലയുള്ള നിരോധിത ലഹരി ഉല്പന്നങ്ങൾ പിടികൂടി.
👉വി സി നിയമന കേസുകൾ നടത്താൻ സർക്കാർ പണം നൽകണമെന്ന രാജ്ഭവൻ്റെ നിലപാട് തിരുത്തി രാജ്ഭവൻ

🌴 കേരളീയം 🌴
🙏 ആയുര്‍വേദ ദിനമായ ഇന്ന് വൈകുന്നേരം 4 ന് പത്താമത് ആയുര്‍വേദ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നിര്‍വഹിക്കും. ശാസ്ത്രീയ പ്രസവ ശുശ്രൂഷയും ആയുഷ് യോഗ ആപ്പും ഉള്‍പ്പെടെ 14.39 കോടി രൂപയുടെ 12 പദ്ധതികളും മന്ത്രി ഉദ്ഘാടനം ചെയ്യും.
🙏വികസന സദസ്സിലൂടെ കേരളം പുതിയ കാല്‍വയ്പ്പ് നടത്തുകയാണെന്നും സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കുന്ന വികസന സദസ്സില്‍ നിന്നും സ്വരൂപിക്കുന്ന ജനാഭിപ്രായങ്ങളിലൂടെ സമഗ്രമായ വികസനം സാധ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന സദസ്സ് സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

🙏കേരളത്തിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം നീട്ടി വെക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കത്ത് നല്‍കി. തദ്ദേശ തെരഞ്ഞെടുപ്പ് തീരും വരെ എസ്‌ഐആര്‍ നീട്ടി വെക്കണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
🙏 നോര്‍ക്ക ഇന്‍ഷുറന്‍സ് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന പദ്ധതിയാണ് നോര്‍ക്കയുടെ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

🙏 ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അങ്കണവാടി പ്രവര്‍ത്തകരുടെ സംഘടനാ പ്രതിനിധികളുടെ യോഗം ചേര്‍ന്നു. പ്രവര്‍ത്തകരുടെ വിവിധ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രവര്‍ത്തകര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സമിതിയുടെ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.
🙏 മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ വീട് നിര്‍മ്മാണത്തില്‍ നിയമ കുരുക്ക്. വീട് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയാണ് ലീഗ് നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ലാന്‍ഡ് ഡെവലപ്മെന്റ് പെര്‍മിറ്റ് നടപടിക്രമം പാലിക്കാതെ നിര്‍മ്മാണം നടത്തുന്നു എന്ന് ആരോപിച്ച് സെക്രട്ടറി നോട്ടീസ് നല്‍കിയിരുന്നു.

🙏 അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കൃത്യമായ ഭൂരിപക്ഷം ലഭിക്കുമെന്ന് എസ്എന്‍ഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ത്രികോണ മത്സരത്തിന്റെ ഗുണം കൃത്യമായി എല്‍ഡിഎഫിന് കിട്ടുമെന്നും ഭൂരിപക്ഷ വോട്ടുകള്‍ പിടിച്ചു നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും വിഡി സതീശന്റെ ഗ്രാഫ് കുത്തനെ താഴ്ന്നുവെന്നും ധിക്കാരിയായ നേതാവായി വിഡി സതീശന്‍ മാറിയെന്നും വെള്ളാപ്പള്ളി നടേശന്‍പറഞ്ഞു.
🙏 സിപിഎം വനിതാ നേതാവ് കെ ജെ ഷൈനിന് എതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ പറവൂരിലെ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ഗോപാലകൃഷ്ണന്റെയും വി എസ് അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ സെക്രട്ടറിയും മാധ്യമപ്രവര്‍ത്തകനുമായ കെ എം ഷാജഹാന്റെയും ചോദ്യം ചെയ്യല്‍ ഇന്നുണ്ടാകും.

🙏 മള്‍ട്ടിപ്ലക്‌സുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ അനുവദനീയമല്ലെങ്കില്‍, സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.
🙏 കിളിമാനൂരില്‍ വയോധികന്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പാറശ്ശാല എസ്എച്ച്ഒ സിഐ അനില്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം അഡീ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. നിസ്സാരവകുപ്പുകള്‍ മാത്രമാണ് എസ്എച്ച്ഒക്കെതിരെ ചുമത്തിയിരിക്കുന്നത്.
🙏 വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരിയാണ് ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

🇳🇪 ദേശീയം 🇳🇪
🙏 ഇന്ത്യയില്‍ അപകീര്‍ത്തിപ്പെടുത്തല്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കാന്‍ സമയമായെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഒരു പ്രൊഫസര്‍, ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ ‘ദ് വയറി’നെതിരെ നല്‍കിയ അപകീര്‍ത്തിപ്പെടുത്തല്‍ കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
🙏 ഒരു നേതാവിന് വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്നു എന്നതുകൊണ്ട് ആ ജനങ്ങള്‍ മുഴുവന്‍ വോട്ടായി മാറുമെന്ന് കരുതുന്നത് ശരിയല്ലെന്ന് നടനും മക്കള്‍ നീതി മയ്യം സ്ഥാപക നേതാവുമായ കമല്‍ഹാസന്‍. പുതുതായി രൂപീകരിച്ച തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ തലവനായ നടന്‍ വിജയ്ക്കും തനിക്കും ഉള്‍പ്പെടെയുള്ള രാജ്യത്തെ എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഈ തിരിച്ചറിവ് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

🙏 അഹമ്മദാബാദില്‍ നടന്ന എയര്‍ ഇന്ത്യ വിമാനാപകടവുമായി ബന്ധപ്പെട്ട അന്വേഷണം നീതിയുക്തവും വേഗത്തിലുമാണോ എന്ന് സുപ്രീം കോടതി പരിശോധിക്കും. അപകടത്തെക്കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
🙏 ഛത്തീസ്ഗഢിലെ നാരായണ്‍പുര്‍ ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഉന്നത മാവോവാദി നേതാക്കള്‍ കൊല്ലപ്പെട്ടു. രാജു ദാദ എന്ന കട്ട രാമചന്ദ്ര റെഡ്ഡി, കോസ ദാദ എന്ന കടാരി സത്യനാരായണ റെഡ്ഡി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

🙏 പോലീസ് രേഖകളില്‍ നിന്നും പൊതു അറിയിപ്പുകളില്‍ നിന്നും ജാതി സംബന്ധമായ എല്ലാ പരാമര്‍ശങ്ങളും ഉടനടി നീക്കം ചെയ്യാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു. ജാതി വിവേചനം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി.
🇦🇴 അന്തർദേശീയം 🇦🇺
🙏 ഹമാസിനെതിരെ വീണ്ടും വെല്ലുവിളിയുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിനെ ഇല്ലാതാക്കുമെന്ന് നെതന്യാഹു ആവര്‍ത്തിച്ചു. യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ നേടുമെന്നും ബന്ദികളെ മോചിപ്പിച്ച് തിരികെയെത്തിക്കുമെന്നും നെതന്യാഹു പറഞ്ഞു.

🙏 ആണവായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന് നിര്‍ബന്ധിക്കുന്നത് നിര്‍ത്തിയാല്‍ അമേരിക്കയുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് വടക്കന്‍ കൊറിയ നേതാവ് കിം ജോംഗ് ഉന്‍. കൂടിക്കാഴ്ചക്ക് താത്പര്യമുണ്ടെന്ന ട്രംപിന്റെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
🙏 ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായ ടൈഫൂണ്‍ റഗാസ, ഫിലിപ്പീന്‍സില്‍ വന്‍ നാശനഷ്ടങ്ങള്‍ വിതച്ച് വടക്കന്‍ പ്രദേശങ്ങളില്‍ ആഞ്ഞടിച്ചു. ഫിലിപ്പീന്‍സില്‍ നാന്‍ഡോ എന്ന് വിളിക്കപ്പെടുന്ന ഈ കൊടുങ്കാറ്റ്, തിങ്കളാഴ്ച കാഗയാന്‍ പ്രവിശ്യയിലെ പനുയിറ്റാന്‍ ദ്വീപിലാണ് കരതൊട്ടത്.

🙏 ഡോണള്‍ഡ് ട്രംപിന്റെ അധിക തീരുവ നയം തുടര്‍ന്നാല്‍ ഇന്ത്യ അമേരിക്ക ബന്ധത്തെ കാര്യമായി ബാധിക്കുമെന്ന് ന്യൂജേഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി. റഷ്യയെ എതിര്‍ക്കുക പ്രധാനം ആണെങ്കിലും അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യ രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയുമായി ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഫില്‍ മര്‍ഫി പറഞ്ഞു.
🙏 അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്ത് വിസ നിയമങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ ആഗോള പ്രതിഭകളെ യുകെയിലേക്ക് ആകര്‍ഷിക്കാന്‍ പ്രധാനമന്ത്രി കെയിര്‍ സ്റ്റാര്‍മര്‍ പദ്ധതിയിടുന്നതായി വിവരം.

🙏 പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ ഫ്രാന്‍സും. പലസ്തീനെ അംഗീകരിക്കുന്ന യുകെ, കാനഡ, ഓസ്‌ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഫ്രാന്‍സും ചേരും. ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് യുകെയും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത്.
🙏 വിമാനത്തിനടിയില്‍ വീല്‍ അറയില്‍ ഒളിച്ച് അഫ്ഗാനിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്കു 13 വയസ്സുകാരന്റെ സാഹസിക യാത്ര. രാവിലെ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ബാലന്‍ സുരക്ഷിതനാണെന്ന് അധികൃതര്‍ അറിയിച്ചു.

🙏 പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിച്ച് ഫ്രാന്‍സും. യുഎന്‍ പൊതുസഭ വാര്‍ഷികസമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍, സൗദിയും ഫ്രാന്‍സും സംഘടിപ്പിച്ച ഉച്ചകോടിയിലാണ് പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ചു ഫ്രാന്‍സ് പ്രഖ്യാപനം നടത്തിയത്.
🙏 അമേരിക്കയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഭീഷണികളില്‍ ആശങ്ക പ്രകടിപ്പിച്ച് നടി ആഞ്ജലീന ജോളി. തനിക്ക് ഇപ്പോള്‍ തന്റെ രാജ്യത്തിന്റെ പോക്ക് മനസിലാക്കാനാവുന്നില്ലെന്ന് അവര്‍ പറഞ്ഞു. അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശകരായ മാധ്യമങ്ങള്‍ക്കെതിരായി നടപടികള്‍ നടന്നുവരുന്ന പശ്ചാത്തലത്തിലാണ് ആഞ്ജലീന ജോളിയുടെ വിമര്‍ശനം.

⚽ കായികം ⚽
🙏 ഈ വര്‍ഷത്തെ മികച്ച ലോകോത്തര ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം പി എസ് ജി താരം ഒസ്മാന്‍ ഡെംബലെയ്ക്ക്. ബാഴ്‌സലോണയുടെ യുവ താരം ലാമിന്‍ യമാലിനെ പിന്തള്ളിയാണ് ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഡെംബലെ പുരസ്‌കാരത്തില്‍ മുത്തമിട്ടത്.
🙏പി എസ് ജിയെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ച ഡെംബലേ ക്ലബ്ബിനെ ഫ്രഞ്ച് ലീഗിലും ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയിരുന്നു. 35 ഗോളും 16 അസിസ്റ്റുമാണ് സീസണില്‍ ഡെംബലെയുടെ സംഭാവന.

🙏 ബാഴ്‌സലോണയുടെ ഐറ്റാന ബോണ്‍മാറ്റിയാണ് മികച്ച വനിതാ താരം. മികച്ച യുവതാരത്തിനുള്ള കോപാ ട്രോഫി ബാഴ്സലോണയുടെ ലാമിന്‍ യമാല്‍ കരസ്ഥമാക്കി. പി എസ് ജിയാണ് ഈ വര്‍ഷത്തെ മികച്ചപുരുഷ ക്ലബ്. ആഴ്സണല്‍ ആണ് മികച്ച വനിതാ ക്ലബ്.






































