കോഴിക്കോട്. സ്വകാര്യ ബസ് ഡ്രൈവർമാർ ലഹരി ഉപയോഗിച്ചാണ് ബസ്സ് ഓടിക്കുന്നതെന്ന വെളിപ്പെടുത്തലുമായി ഡ്രൈവർ. കോഴിക്കോട്ടെ സ്വകാര്യ ബസ് ജീവനക്കാരുടെ ഗ്രൂപ്പിലാണ് സന്ദേശം പങ്കുവെച്ചത്. പോലീസും എക്സൈസും അന്വേഷണം ആരംഭിച്ചു. അതേസമയം മലപ്പുറം തിരുവാലിയിൽ ബസ് ജീവനക്കാരുടെ പകയെ തുടർന്ന് ഒരു ബസ് മറ്റൊരു ബസ്സിനെ ബോധപൂർവ്വം ഇടിച്ചു. നരഹത്യാശ്രമത്തിനു കേസെടുത്ത പൊലീസ് ഡ്രൈവർ ഫൈസലിനെ അറസ്റ്റ് ചെയ്തു.
കോഴിക്കോട്ടെ സ്വകാര്യബസ് ജീവനക്കാരുടെ ഗ്രൂപ്പിൽ വന്ന ഓഡിയോ സന്ദേശമാണിത്. നിരത്തിലിറങ്ങാൻ തന്നെ തനിക്ക് ഭയമാണെന്ന് ഡ്രൈവർ പറയുന്നു. ലഹരി ഉപയോഗിക്കാത്ത മനുഷ്യന് വണ്ടിയോടിക്കാൻ കഴിയാത്ത അവസ്ഥ. തട്ടിയാൽ തട്ടട്ടെ എന്ന നിലപാടാണ് ഡ്രൈവർമാർക്കെന്നും സന്ദേശം. ഇതിൽ പോലീസും എക്സൈസും അന്വേഷണം ആരംഭിച്ചു. ലഹരിയിൽ നമ്മുടെ നിരത്തുകൾ സുരക്ഷിതമല്ലാതായി മാറുന്നു എന്ന് സൂചിപ്പിക്കുന്നതാണ് ഈ ഓഡിയോ സന്ദേശം. അതേസമയം തന്നെ മലപ്പുറം തിരുവാലിയിൽ സ്വകാര്യ ബസ്സിലെ ജീവനക്കാർ തമ്മിലുള്ള പകയെ തുടർന്ന് ഒരു ബസ് മറ്റൊരു ബസ്സിനെ ബോധപൂർവ്വം ഇടിച്ചു. ബസിലെ യാത്രകാരിയ്ക്ക് ഗുരുതരമായി പരുക്കേറ്റു.
തിരുവാലിയിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. മാൻ കോ ബ്രദേഴ്സ് എന്ന ബസ്സാണ് അപകടമുണ്ടാക്കിയത്. വണ്ടൂർ റൂട്ടിലോടുന്ന ബസ്സാണ്. ഇടിയുടെ ആഘാതത്തിൽ ഫാത്തിമ എന്ന യാത്രക്കാരിയ്ക്കാണ് തലയ്ക്ക് പരിക്കേറ്റത്. ഇവർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. അപകടമുണ്ടാക്കിയ ഡ്രൈവർ ചോക്കാട് സ്വദേശി ഫൈസലിനെ എടവണ്ണ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റകരമായ നരഹത്യാശ്രമം എന്ന വകുപ്പിനാണ് കേസെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണം നടന്നുവരുന്നു.






































