തിരുവനന്തപുരം. കേരള സർവകലാശാല 2025 സെപ്തംബർ 23 മുതൽ 26 വരെ ‘യന്ത്രവിവർത്തനം’
ശില്പശാല സംഘടിപ്പിക്കുന്നു. പി എം ഉഷ പ്രോജക്ടിൻ്റെ ധനസഹായത്തോടു കൂടി നടപ്പിലാക്കുന്ന വിവിധ അക്കാദമിക് പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രാദേശികഭാഷാ വികസനം ലക്ഷ്യമിട്ടു കൊണ്ട് മലയാളവിഭാഗത്തിലെ എ ആർ രാജരാജ വർമ്മ ട്രാൻസ്ലേഷൻ സ്റ്റഡി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ശില്പശാല നടത്തുന്നത്.
മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും കൃത്യതയോടെ യന്ത്രവിവർത്തനം സാധ്യമാക്കുന്നതിനാവശ്യമായ കോർപസ് ഇനിയും സാങ്കേതികമേഖലയിൽ സജ്ജമാക്കേണ്ടതുണ്ട്. ഭാഷാപഠനവും ഗവേഷണവും നടത്തുന്നവരുടെ പങ്കാളിത്തം അനിവാര്യമാക്കുന്നതിന് സാങ്കേതിക വൈദഗ്ദ്ധ്യം ഉറപ്പാക്കേണ്ടതുമുണ്ട്. എ ആർ രാജരാജ വർമ്മ ട്രാൻസ്ലേഷൻ സ്റ്റഡി സെൻ്റർ ലക്ഷ്യമിടുന്നത് അത്തരം ചരിത്രപരമായ ഉദ്യമത്തിൽ കേരള സർവകലാശാലയിലെ വിദ്യാർഥികൾക്ക് അവസരമൊരുക്കുക എന്നതാണ്.
രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ സാങ്കേതിക ഗവേഷണകേന്ദ്രങ്ങളിലെ വിദഗ്ധർ പങ്കെടുക്കുന്ന ശില്പശാല സർവകലാശാലാ സിൻഡിക്കേറ്റ് അംഗം പ്രൊഫ. പി എം രാധാമണി ഉദ്ഘാടനം ചെയ്യും. ചെന്നൈയിലെ എ യു – കെ ബി സി ഗവേഷണ കേന്ദ്രം, പ്രോഗ്രാം ഡയറക്ടർ ഡോ. എൽ ശോഭ മുഖ്യപ്രഭാഷണം നടത്തും. സീനിയർ പ്രൊഫസർ. എ ബിജു കുമാർ സർവകലാശാലാതല നോഡൽ ഓഫീസറും ഡോ. വിജി വിജയൻ കോ- ഓർഡിനേറ്ററും ആയ പദ്ധതിയുടെ ഭാഗമായ ശില്പശാലയുടെ കൺവീനർ പ്രൊഫ. സീമാ ജെറോമും ഓർഗനൈസിംഗ് സെക്രട്ടറിമാർ പ്രൊഫ. സി എ ലാൽ, പ്രൊഫ. കെ കെ ശിവദാസ്, ഡോ. എസ് സുജ എന്നിവരുമാണ്.
































