വാഹനപരിശോധനക്കിടെ പിടിച്ചെടുത്ത കുഴൽപ്പണം മോഷ്ടിച്ച സംഭവത്തിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

Advertisement

കൽപറ്റ (വയനാട്): വാഹനപരിശോധനക്കിടെ പിടിച്ചെടുത്ത കുഴൽപ്പണം മോഷ്ടിച്ച സംഭവത്തിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. വൈത്തിരി സി.ഐ അനിൽകുമാർ, സീനിയർ പൊലീസ് ഓഫിസർമാരായ അബ്ദുൽ ഷുക്കൂർ, അബ്ദുൽ മജീദ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. കുഴൽപ്പണം കടത്തുകാരെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തെന്ന പരാതിയിലാണ് നടപടി.

സെപ്റ്റംബർ 15ന് വൈത്തിരിക്കടുത്ത ചേലോട് മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളിൽ നിന്ന് കുഴൽപ്പണമായി കടത്തുകയായിരുന്ന മൂന്നു ലക്ഷത്തിൽപരം രൂപ വാഹന പരിശോധനക്കിടെ പൊലീസ് പിടിച്ചെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത ഈ പണം ജി.ഡിയിൽ രേഖപ്പെടുത്തി ട്രഷറിയിലേക്ക് മാറ്റണമെന്നാണ് നടപടിക്രമം. എന്നാൽ, പൊലീസ് ഉദ്യോഗസ്ഥർ പണം മോഷ്ടിക്കുകയായിരുന്നു. ഈ പണം പ്രാദേശിയ രാഷ്ട്രീയ നേതാവിന് കൊടുത്തെന്നും പറയപ്പെടുന്നു. ഇതേതുടർന്നാണ് പൊലീസുകാർക്കെതിരെ കേസെടുത്തത്.

അതേസമയം, പണം മോഷ്ടിച്ചെന്ന് ചൂണ്ടിക്കാട്ടി കുഴൽപ്പണക്കടത്ത് സംഘം പരാതി നൽകിയതോടെ വിവരം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ആഭ്യന്തര അന്വേഷണം നടത്താൻ വയനാട് എസ്.പി ഉത്തരവിട്ടു. കൽപറ്റ ഡിവൈ.എസ്.പിയും സ്പെഷ്യൽ ബ്രാഞ്ചും നടത്തിയ അന്വേഷണത്തിൽ പൊലീസ് ഉദ്യോഗസ്ഥർ കുഴൽപ്പണം തട്ടിയെടുത്തതായി കണ്ടെത്തി.

Advertisement