അയ്യമ്പുഴ. അമലാപുരം പാറമടക്കുളത്തിൽ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ഇന്നലെ വൈകിട്ടാണ് പാറമടക്കുളത്തിൽ ചൂണ്ടയിട്ടവർക്ക് മൃതദേഹത്തിന്റെ ഭാഗം ലഭിച്ചത്.മുങ്ങൽ വിദഗ്ധർ കുളത്തിൽ പരിശോധന നടത്തിയെങ്കിലും മൃതദേഹത്തിന്റെ പകുതി ഭാഗം കണ്ടെത്താൻ സാധിച്ചിട്ടില്ല.കൊലപാതകം എന്ന സംശയത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
അയ്യമ്പുഴ അമലാപുരത്ത് പ്രവർത്തനം നിലച്ച പാറമടയിലെ കുളത്തിലാണ് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്.പാറമടക്കുളത്തിൽ ചൂണ്ടയിടാൻ എത്തിയ ആളുകളുടെ ചൂണ്ടയിലാണ് മൃതദേഹത്തിന്റെ ഭാഗം ഉടക്കിയത് .എ എസ് പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കൊലപാതകത്തിനുശേഷം മൃതദേഹം പാറമടക്കുളത്തിൽ ഉപേക്ഷിച്ചത് ആകാനാണ് സാധ്യത എന്നാണ് വിലയിരുത്തൽ.മൃതദേഹത്തിന്റെ കാലിന്റെ ഭാഗം കയർ ഉപയോഗിച്ച് കെട്ടി ഇരുന്നതും സംശയത്തിന് ബലം കൂട്ടിയിട്ടുണ്ട്.മൃതദേഹത്തിന്റെ അരയ്ക്ക് മുകളിലേക്കുള്ള ഭാഗം കണ്ടെത്താൻ ഡൈവർമാർ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ ആയില്ല.കുളത്തിനുള്ളിൽ ഉപേക്ഷിച്ച മൃതദേഹത്തിന് രണ്ടാഴ്ചയിലധികം പഴക്കം ഉണ്ട് എന്നാണ് നിഗമനം.മൃതദേഹത്തിന്റെ ഫോറൻസിക് പരിശോധനയും പോസ്റ്റ് മോർട്ടവും നടത്തിയ ശേഷമേ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കു എന്ന് പോലീസ് പറഞ്ഞു. എറണാകുളം തൃശ്ശൂർ ജില്ലകളിൽ ആളുകളെ കാണാതായതുമായി ബന്ധപ്പെട്ട കേസുകൾ വിശദമായി പരിശോധിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.






































