ഭക്തി നടിക്കുന്നവർക്ക് പ്രത്യേക അജണ്ടയുണ്ടാകും: മുഖ്യമന്ത്രി

Advertisement

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. അയ്യപ്പ സംഗമവുമായി ഭക്തർ സഹകരിക്കുന്നതിൽ സന്തോഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഗമം തടയാൻ ചിലർ കോടതിയെ സമീപിച്ചത് ഖേദകരം. നല്ല കാര്യങ്ങളുമായി മുന്നോട്ടുപോകുമ്പോൾ അത് തകർക്കാനുള്ള ശ്രമം നടന്നു. ഭിന്നിപ്പുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു. ഇവർ ലക്ഷ്യമിടുന്നത് ശബരിമലയുടെ വികസനമല്ല. ഭക്തി നടിക്കുന്നവർക്ക് പ്രത്യേക അജണ്ടയുണ്ടാകും. 
ദേവസ്വം പണം സർക്കാർ ഖജനാവിലേക്ക് എന്നത് വ്യാജ പ്രചരണം. ക്ഷേത്ര വരുമാനത്തിൽ നിന്ന് ഒരു പൈസ പോലും സർക്കാർ എടുക്കുന്നില്ല. ശബരിമല മാസ്റ്റർ പ്ലാനിൻ ഇതുവരെ 148 കോടി ചെലവഴിച്ചു.

സർക്കാർ ന്യൂനപക്ഷ സംഗമം നടത്തുന്നുവെന്ന് കള്ള പ്രചാരണം നടത്തുന്നു. ചില മാധ്യമങ്ങൾ വാർത്തകൾ നൽകുന്നത് ദുരുദ്ദേശപരമായി.

വർഷങ്ങൾ നീണ്ട ആലോചനകൾക്ക് ശേഷമാണ് അയ്യപ്പ സംഗമം നടത്തുന്നത്, പെട്ടെന്നൊരു ദിവസം തുടങ്ങിയതല്ല.
ശബരി റെയിൽ സംസ്ഥാനത്തിന്റെ പ്രധാന ആവശ്യമാണ്. ശബരിമല വിമാനത്താവളത്തിന്റെ  സ്ഥലം ഏറ്റെടുക്കൽ അടുത്ത മാസത്തോടെ പൂർത്തിയാകും. കേന്ദ്രവും അനുകൂല സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. സ്ഥലം ഏറ്റെടുത്താൽ ഉടൻ നിർമ്മാണം ആരംഭിക്കും. ശബരിമലയുടെ സമഗ്ര വികസനമാണ് ശബരിമല മാസ്റ്റർ പ്ലാനിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യ മന്ത്രി പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സമ്മേളനത്തിൽ പങ്കെടുക്കുന്നു. മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനായി. തമിഴ്‌നാട്ടില്‍നിന്നുള്ള മന്ത്രിമാരായ പി കെ ശേഖര്‍ ബാബു, പളനിവേല്‍ ത്യാഗരാജന്‍ എന്നിവര്‍ക്കൊപ്പം കേരളത്തിലെ മന്ത്രിമാരും പങ്കെടുക്കുന്നു.

Advertisement