മലപ്പുറം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സർക്കാർ നടത്തുന്ന വികസന സദസ്സിൽ പങ്കെടുക്കുന്നതിനെ ചൊല്ലി യുഡിഎഫിൽ ഭിന്നത. വികസന സദസ്സിനോട് സഹകരിക്കില്ലെന്ന യുഡിഎഫ് തീരുമാനം മലപ്പുറം മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി തള്ളി. മാറി നിന്നാൽ സർക്കാർ നേട്ടങ്ങൾ മാത്രം ജനങ്ങൾക്ക് മുൻപിൽ എത്തുമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയുടെ സർക്കുലർ. നേതൃത്വം ഇടപെട്ട് തിരുത്തുമെന്ന് എം എം ഹസ്സൻ. ശരിയായ നിലപാട് എടുക്കുന്നവർക്കൊപ്പം എൽഡിഎഫ് ഉണ്ടാകുമെന്ന് എം വി ഗോവിന്ദനും പ്രതികരിച്ചു.
അസാധാരണ രാഷ്ട്രീയചലനമാണ് യുഡിഎഫിൽ ഉണ്ടായിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് സംഘടിപ്പിക്കുന്ന വികസന സദസ്സ് ധൂർത്താണെന്നും സഹകരിക്കില്ലെന്നുമാണ് യുഡിഎഫ് നിലപാട്. ഇക്കാര്യം വിശദീകരിച്ചുകൊണ്ട് ജില്ലാതല നേതൃയോഗങ്ങൾ സംഘടിപ്പിക്കണമെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് സർക്കുലറിൽ അറിയിച്ചിരുന്നു. ഈ നിലപാട് തള്ളുകയാണ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി. വികസന സദസ്സ് ഗംഭീരമായി നടത്തണം. തദ്ദേശസ്ഥാപനങ്ങൾക്ക് വികസന നേട്ടങ്ങൾ ജനങ്ങളുടെ മുൻപാകെ അവതരിപ്പിക്കാൻ ലഭിക്കുന്ന അവസരമാണ്. പങ്കെടുത്തില്ലെങ്കിൽ സിപിഐഎമ്മിന്റെ പരിപാടിയായി മാറുകയും സർക്കാർ നേട്ടങ്ങൾ മാത്രം ജനങ്ങൾക്ക് മുൻപിൽ എത്തുകയും ചെയ്യും – മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് മാസ്റ്റർ കത്തിൽ പറയുന്നു. സംസ്ഥാന സമിതി തീരുമാനത്തെ അനുകൂലിക്കുന്നതാണ് പതിവെന്ന് കോൺഗ്രസ് നേതാവ് എം എം ഹസ്സൻ പ്രതികരിച്ചു.
ആരും മാറിനിൽക്കാൻ പാടില്ല എന്നതാണ് അഭിപ്രായമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തദ്ദേശസ്ഥാപനങ്ങളിൽ ഈ മാസം 22 മുതൽ അടുത്തമാസം 20 വരെയാണ് വികസന സദസ്സുകൾ സംഘടിപ്പിച്ചിരിക്കുന്നത്.
































