തൃശൂര്‍. കലുങ്ക് സൗഹൃദ സംവാദ പരിപാടിയിൽ സുരേഷ് ഗോപി അപമാനിച്ച ആനന്ദവല്ലിക്ക് ബാങ്കിലെ പണം മടക്കി നൽകി കരുവന്നൂർ സഹകരണ ബാങ്ക്. ആനന്ദവല്ലി ആവശ്യപ്പെട്ട പണം ബാങ്ക് വെള്ളിയാഴ്ച കൈമാറി. സുരേഷ് ഗോപിയെ കാണുന്നതിനു പകരം ബാങ്ക് അധികൃതരെ കണ്ടാൽ മതിയായിരുന്നുവെന്നും ആനന്ദവല്ലി പറഞ്ഞു.
ബുധനാഴ്ച നടന്ന കലുങ്ക് സംവാദ സദസിൽ വച്ചാണ് സുരേഷ് ഗോപി ആനന്ദവല്ലിയെ അപമാനിച്ചത്. ബാങ്കിൽ നിക്ഷേപിച്ച പണം കിട്ടാൻ സഹായിക്കണമെന്ന് പറഞ്ഞപ്പോൾ മുഖ്യമന്ത്രിയോട് പോയി ചോദിക്കാനും തൻറെ നെഞ്ചത്ത് കയറണ്ട എന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
സുരേഷ് ഗോപിയെ കാണുന്നതിനു പകരം ബാങ്ക് അധികൃതരെ കണ്ടാൽ മതിയായിരുന്നു എന്ന് പണം കിട്ടിയതിനുശേഷം ആനന്ദവല്ലി പറഞ്ഞു.
ആനന്ദവല്ലിയുടെ പ്രശ്നം ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പരിഹാരമുണ്ടായതെന്ന് സിപിഐഎം പൊറത്തിശ്ശേരി എൽ സി സെക്രട്ടറി ആർ എൽ ജീവൻലാൽ പറഞ്ഞു.
പുള്ളിൽ വച്ച് നടന്ന കലുങ്ക് സംവാദത്തിൽ വീട് അറ്റകുറ്റപ്പണികൾക്ക് സഹായം തേടിയെത്തിയ കൊച്ചു വേലായുധനെ അപമാനിച്ചതിന് പിന്നാലെയാണ് ഇരിങ്ങാലക്കുടയിൽ വച്ച് ആനന്ദവല്ലിയും സുരേഷ് ഗോപി അപമാനിച്ചത്. നാളെയും തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ കലുങ്ക് സൗഹൃദ സംവാദ സദസ്സ് തുടരും.






































