അടിയന്തിര പ്രമേയങ്ങൾ തുടർച്ചയായി ചർച്ചക്ക് എടുക്കുന്ന പ്രത്യേക രാഷ്ട്രീയ തന്ത്രം പയറ്റി സർക്കാര്‍

Advertisement

തിരുവനന്തപുരം.അടിയന്തിര പ്രമേയങ്ങൾ തുടർച്ചയായി ചർച്ചക്ക് എടുക്കുന്നത് സർക്കാരിൻെറ രാഷ്ട്രീയ തന്ത്രം. അടിയന്തിര പ്രമേയത്തെ സർക്കാരിന് പറയാനുളള കാര്യങ്ങൾ പറയുന്നതിനുളള അവസരമാക്കി മാറ്റുകയാണ് തന്ത്രങ്ങളിൽ ഒന്ന്.പ്രതിപക്ഷം
ഉന്നയിക്കുന്ന പ്രശ്നങ്ങൾ എന്തുതന്നെയായാലും അതിനെ നേരിടാൻ ഭയമില്ലെന്ന സന്ദേശം നൽകലും ചർച്ച അനുവദിക്കുന്നതിലൂടെ
സർക്കാർ ലക്ഷ്യമിടുന്നുണ്ട്. കാട്ടുമൃഗങ്ങളെ വെടിവയ്ക്കുന്ന ബില്ല് ചര്‍ച്ച ചെയ്തപ്പോള്‍ കാട്ടിലെ മാന്‍കൂട്ടം പാവങ്ങളാണെന്നും നാട്ടിലെ മാന്‍കൂട്ടം കുഴപ്പക്കാരാണെന്നും പറഞ്ഞുവച്ചപോലെയാണ് ഭരണപക്ഷ നീക്കം.

നിയമസഭയിലെ പ്രതിപക്ഷത്തിൻെറ ഏറ്റവും മൂർച്ചയേറിയ ആയുധമാണ് റൂൾ 50 പ്രകാരമുളള ഉപക്ഷേപം അഥവാ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നുളള പ്രമേയം.പ്രതിപക്ഷത്തിൻെറ വജ്രായുധം എടുത്ത് അവർക്കെതിരെ തന്നെ
ഉപയോഗിക്കുന്ന തന്ത്രത്തിനാണ് കഴിഞ്ഞ 3 ദിവസമായി കേരള നിയമസഭ സാക്ഷ്യം
വഹിക്കുന്നത്.ശൂന്യവേളയിൽ പ്രതിപക്ഷം കൊണ്ടുവരുന്ന അടിയന്തിര പ്രമേയ നോട്ടീസിൽ
ഉന്നയിക്കുന്ന വിഷയങ്ങളിൽ സഭ നിർത്തിവെച്ച് ചർച്ച അനുവദിക്കുമ്പോൾ സർക്കാരിന് ലക്ഷ്യങ്ങൾ
പലതാണ്.അടിയന്തിര പ്രമേയ ചർച്ചയെ അവസരം ആക്കിമാറ്റികൊണ്ട് സർക്കാരിന് പറയാനുളള
കാര്യങ്ങളെല്ലാം അവതരിപ്പിക്കുക എന്നതാണ് ഒരു ലക്ഷ്യം.സർക്കാരിനെ പ്രതിരോധത്തിലാക്കുക
ലക്ഷ്യമിട്ടാണ് ഓരോ അടിയന്തിര പ്രമേയവും അവതരിപ്പിക്കപ്പെടുന്നത്.പ്രതിപക്ഷം ഉന്നയിക്കുന്ന
അത്തരം വിഷയങ്ങളെ നേരിടാനോ അതിന് മറുപടി നൽകുന്നതിനോ തെല്ലും ഭയമില്ലെന്ന
സന്ദേശം കൂടി നൽകാൻ സർക്കാർ അടിയന്തിര
പ്രമേയ ചർച്ചയിലൂടെ ലക്ഷ്യമിടുന്നുണ്ട്.അംഗബലം അനുസരിച്ചാണ് നിയമസഭയിലെ ചർച്ചക്ക് മുന്നണികൾക്ക് സമയം അനുവദിക്കുന്നത്.98 അംഗങ്ങളുളള ഭരണ മുന്നണിക്കാണ് പ്രതിപക്ഷത്തേക്കാൾ കൂടുതൽ
സമയം ലഭിക്കുക.സർക്കാരിന് പറയാനുളള കാര്യങ്ങൾ അവതരിപ്പിക്കാൻ ഭരണ പക്ഷത്തിന് കൂടുതൽ സമയം ലഭിക്കുമെന്നതും ചർച്ച അനുവദിക്കാൻ സർക്കാരിന് പ്രേരണയാകുന്നുണ്ട്.അടിയന്തിര പ്രമേയം ചർച്ചക്ക്
എടുക്കുമ്പോൾ പ്രതിപക്ഷത്തിനും ചില നേട്ടങ്ങളുണ്ട്. സഭാതലത്തിൽ ഉയർത്തികൊണ്ടുവന്ന വിഷയം
ചർച്ച ചെയ്യാൻ സർക്കാരിനെ നിർബന്ധിതമാക്കി എന്നതാണ് പ്രതിപക്ഷത്തിൻെറ നേട്ടം.സർക്കാരിന് നേരയുളള കുറ്റപത്രം പോലെ ഒരോ വിഷയത്തിലും പറയാനുളളതെല്ലാം ഉന്നയിക്കാമെന്നതും പ്രതിപക്ഷത്തിന്
നേട്ടമാണ്.പതിനഞ്ചാം കേരള നിയമസഭയുടെ കാലത്ത് ചർച്ചക്കെടുക്കുന്ന പതിനാറാമത്തെ അടിയന്തിര
പ്രമേയമാണ് ഇന്ന് സഭ പരിഗണിച്ചത്.കേരള നിയമസഭ നിലവിൽ വന്ന ശേഷം ചർച്ചക്കെടുത്ത അടിയന്തിര
പ്രമേയങ്ങളുടെ പകുതിയിലേറെയും ഈ സർക്കാരിൻെറ കാലത്താണ് എന്ന പ്രത്യേകതയുമുണ്ട്.

Advertisement