അറിയാം ചില സിനിമാ വിശേഷങ്ങൾ, ‘ക്വീൻ ഓഫ് ദ നൈറ്റ്’ എന്ന ഗാനം പുറത്ത്

Advertisement

‘ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’യിലെ ‘ക്വീന്‍ ഓഫ് ദ നൈറ്റ്’ എന്ന ഗാനം പുറത്ത്. കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്ന ചന്ദ്ര എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗാനമാണിത്. ജേക്സ് ബിജോയ് ഈണം നല്‍കിയ ഗാനം രചിച്ച് ആലപിച്ചത് സേബ ടോമി ആണ്. ഇംഗ്ലിഷില്‍ ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ വിഡിയോ ഉള്‍പ്പെടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ‘ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’. കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പാന്‍ ഇന്ത്യന്‍ വിജയമാണ് നേടുന്നത്. ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ബിഗ് ബജറ്റ് ഫാന്റസി ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ ദുല്‍ഖര്‍, ടൊവീനോ തുടങ്ങി അതിഥി താരങ്ങളുടെ ഒരു വലിയ നിരയും പ്രേക്ഷകരെ ത്രസിപ്പിക്കുന്നുണ്ട്. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് നിര്‍മിക്കുന്നത്.

മുഹ്സിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവീനോയുടെ നായികയായി നസ്രിയ എത്തുന്നു. മുഹ്സിനും സക്കരിയയും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിലേക്ക് കാസ്റ്റിങ് കോള്‍ നടത്തുന്ന വിവരം മുഹ്സിന്‍ പരാരി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. മുഹ്സിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണിത്. ടൊവീനോയെ നായകനാക്കി മുഹ്സിന്‍ പരാരി ഒരുക്കുന്ന’തന്ത വൈബ് ഹൈബ്രിഡ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഈ വര്‍ഷമാദ്യം പുറത്തുവിട്ടിരുന്നു. ഈ ചിത്രം തന്നെയാണോ ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത് എന്ന് വ്യക്തമല്ല. ‘കെഎല്‍ 10 പത്ത്’ എന്ന ചിത്രമാണ് മുഹ്സിന്‍ പരാരി ആദ്യമായി സംവിധാനം ചെയ്തത്. നീണ്ട പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് പരാരി പുതിയ സിനിമയുമായി എത്തുന്നത്. സംവിധാനത്തിന് പുറമെ തിരക്കഥാകൃത്തായും ഗാനരചയിതാവായും പ്രശസ്തനാണ് മുഹ്സിന്‍ പരാരി. ഏറ്റവുമൊടുവിലായി ഇറങ്ങിയ ‘ലോക’യിലെ ‘തനി ലോക മുറക്കാരി’ എന്ന ഗാനത്തിന് വലിയ കയ്യടിയാണ് മുഹ്സിന് ലഭിക്കുന്നത്. ഗാനത്തിന്റെ വരികളെഴുതിയത് മുഹ്സിന്‍ പരാരിയാണ്

Advertisement