ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങി നിരവധി പോഷകങ്ങളുടെ പവര്‍ഹൗസ് ആണ് നട്‌സ്. നട്‌സ് പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടാനും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ശരീരഭാരം നിയന്ത്രിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും. ഇവയുടെ ആരോഗ്യഗുണങ്ങള്‍ പരമാവധി ലഭ്യമാക്കാന്‍, ഓരോ തരം നട്സ് കഴിക്കുന്നതിനും പ്രത്യേക സമയക്രമം പാലിക്കേണ്ടതുണ്ട്. ബദാം വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുന്നത് വളരെ മികച്ചതാണ്. രാവിലെ കുതിര്‍ത്ത ബദാം കഴിക്കുന്നത് അവയില്‍ അടങ്ങിയ വിറ്റാമിന്‍ ഇ, മഗ്നീഷ്യം എന്നിവ രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തെയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും സഹായിക്കും. വാല്‍നട്ട് വൈകുന്നേരം കഴിക്കുന്നതാണ് നല്ലത്. കാരണം അതില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍, നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയ്ക്കൊപ്പം ഒമേഗ -3 ഉം മെലറ്റോണിനും അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനും മികച്ച ഉറക്കത്തിനും സഹായിക്കും. പിസ്തയിലെ പ്രോട്ടീനും നാരുകളും ഊര്‍ജ്ജ നില സ്ഥിരപ്പെടുത്താനും ഭക്ഷണത്തോടുള്ള ആസക്തി നിയന്ത്രിക്കാനും സഹായിക്കും. ഉച്ചകഴിഞ്ഞുള്ള സമയത്ത് പിസ്ത കഴിക്കുന്നതാണ് നല്ലത്. ഇത് ശരീരഭാരം കുറയ്ക്കല്‍, കുടലിന്റെ ആരോഗ്യം, രക്തത്തിലെ പഞ്ചസാര നിയന്ത്രണം, ഹൃദയാരോഗ്യം എന്നിവയെ സഹായിക്കും. ഭക്ഷണത്തിനൊപ്പം കശുവണ്ടി ചേര്‍ത്ത് കഴിക്കാം. ഇതില്‍ അടങ്ങിയ സിങ്കും ഇരുമ്പും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം ഊര്‍ജ്ജ നിലയും മെച്ചപ്പെടുത്തും. വളരെ സുലഭമായി കിട്ടുന്ന പോഷകസമൃദ്ധമായ ഒന്നാണ് നിലക്കടല. കൊഴുപ്പും കലോറിയും കൂടുതലാണെങ്കിലും, കൂടുതല്‍ നേരം വയറു നിറയുന്നത് നിലനിര്‍ത്തുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാന്‍ നിലക്കടല സഹായിക്കും. നിലക്കടല കഴിക്കാന്‍ സമയക്രമം ഇല്ല, എപ്പോള്‍ വേണമെങ്കിലും നിലക്കടല കഴിക്കാം





































