കോഴിക്കോട്. സി.എസ്. ഐ സഭ മലബാർ മഹായിടവകയിൽ ചരിത്രം രചിച്ച് വൈദീകരായി രണ്ട് വനിതകൾ.കോഴിക്കോട് മനാഞ്ചിറ സി.എസ് ഐ കത്തീഡ്രൽ പള്ളിയിൽ നവവൈദീകരുടെ ഡീക്കൻ പട്ട സ്വീകരണ ശുശ്രൂഷകൾ നടന്നു.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകൾ ഉൾക്കൊള്ളുന്നതാണ് സി.എസ്. ഐ മലബാർ മഹാഇടവക. മലബാർ മഹാഇടവകയുടെ ചരിത്രത്തിൽ ആദ്യമായാണ് വനിതകൾ വൈദികരാകുന്നത്. പത്തനംത്തിട്ട റാന്നി സ്വദേശിയും ദൈവശാസ്ത്ര അധ്യാപികയുമായ ഡോ. സജു മേരി എബ്രഹാം, വയനാട് മേപ്പാടി നെടുങ്കരണ സ്വദേശി നിംഷി ഡേവിഡ് എന്നിവർ പൗരോഹിത്യത്തിൻ്റെ ആദ്യ പാടിയായ ഡീക്കൻ പട്ടം സ്വീകരിച്ചു. മലബാർ മഹായിടവക ബിഷപ്പ് റവറൻ്റ് ഡോക്ടർ റോയ്സ് മനോജ് വിക്ടറുടെ കാർമ്മികത്വം നൽകി.
ഡീക്കൻ പട്ടം സ്വീകരിച്ച് ഒരു വർഷത്തിന് ശേഷം ഇരുവരും പുരോഹിതരാകും. കേരളത്തിലെ ആറ് മഹായിടവകകളിൽ ഇതുവരെ നാല് വനിതകളാണ് പൗരോഹിത്യം നേടിയത്. ഇതിൽ ദക്ഷിണകേരള മഹായിടവകയിലെ വൈദിക വിരമിച്ചു. കൊച്ചി മഹായിടവകയിൽ നിലവിൽ മൂന്നുപേരുണ്ട്. ഇവർക്കൊപ്പമാണ് മലബാർ മഹായിടവകയിൽ നിന്നുള്ള രണ്ടുപേർ കൂടി വൈദികവൃത്തിയിലേക്ക് എത്തുന്നത്.



































