ഇടുക്കി. ചിത്തിരപുരത്ത് മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികൾ മരിച്ച റിസോർട്ടിന്റെ നിർമ്മാണം തടയുന്നതിൽ റവന്യൂ വകുപ്പിന് ഗുരുതരവീഴ്ച. പള്ളിവാസൽ വില്ലേജിനോട് ചേർന്ന് നടന്ന അനധികൃത നിർമ്മാണം ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടിച്ചു.അപകടമുണ്ടായ റിസോർട്ടിന്റെ ഉടമകൾക്കും സൂപ്പർവൈസർക്കും എതിരെ പള്ളിവാസൽ പൊലീസ് കേസെടുത്തു.
സ്റ്റോപ്പ് മെമ്മോ ലംഘിച്ചും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുമായിരുന്നു മിസ്റ്റി വണ്ടർ റിസോർട്ടിന്റെ നിർമ്മാണം. റിസോർട്ട് ഉടമകളായ ഷെറിൻ അനില ജോസഫ്, ഭർത്താവ് സെബി പി ബാബു, ഇവരുടെ സഹായി ജയ്സൺ എന്നവർക്കെതിരെയാണ് വെള്ളത്തൂവൽ പോലീസ് കേസെടുത്തത്.ഉദ്യോഗസ്ഥ ഒത്താശയോടെയോടെയാണ് അനധികൃത നിർമ്മാണ നടന്നതെന്നാണ് ആരോപണം. 2025 ജനുവരിയിൽ മിസ്റ്റി വണ്ടർ റിസോർട്ടിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകി ഗെയ്റ്റ് സീൽ ചെയ്തിരുന്നു. ഇത് മറികടന്ന് നിർമ്മാണ പ്രവർത്തികൾ നടത്തുന്നത് മാർച്ച് മാസത്തിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നെങ്കിലും തടയാനുള്ള നടപടി സ്വീകരിച്ചില്ല. അപകടത്തിൽ മരിച്ച രാജീവന്റെയും, ബെന്നിയുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
































