തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില വർധിപ്പിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും വർധനയുണ്ടാകുക. മിൽമയ്ക്കാണ് പാൽവില വർധിപ്പിക്കാനുള്ള അധികാരമുള്ളത്. ഇതിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും മന്ത്രി അറിയിച്ചു. സഭയിൽ തോമസ് കെ തോമസ് എംഎൽഎയുടെ സബ്മിഷന് മറുപടി നൽകുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പാലിന് ഏറ്റവും കൂടുതൽ വില കൊടുക്കുന്ന സംസ്ഥാനമാണ് കേരളം.
പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരം മില്‍മയ്ക്കാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അയല്‍സംസ്ഥാനങ്ങളില്‍ അധികമായിട്ടുള്ള പാല്‍ കുറഞ്ഞ നിരക്കില്‍ കേരളത്തിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ ക്ഷീരവിപണിയില്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യം മനസിലാക്കി പാല്‍ വില വര്‍ധന സംബന്ധിച്ച് രൂപീകരിച്ച 5 അംഗ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കണക്കിലെടുത്ത് ക്ഷീര കര്‍ഷകര്‍ക്ക് പ്രയോജനകരമായ രീതിയിലുള്ള പാല്‍ വില വര്‍ധനവ് നടപ്പിലാക്കാനുള്ള നടപടി മില്‍മ അധികം വൈകാതെ തന്നെ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
































