കൊച്ചി: വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ യുവതിക്ക് 25 കോടി രൂപ നഷ്ടമായ സംഭവത്തില്‍ കൂടുതല്‍ പ്രതികളിലേക്ക് അന്വേഷണം. കേസില്‍ ഇന്നലെ അറസ്റ്റിലായ യുവതിയില്‍ നിന്ന് കൂടുതല്‍ പ്രതികളെ കുറിച്ച് പൊലീസിനു വിവരം ലഭിച്ചു.
കൊച്ചി കടവന്ത്ര സ്വദേശിയും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയുമായ യുവതിയില്‍ നിന്ന് 25 കോടി രൂപ തട്ടിയെടുത്ത കേസില്‍ കൊല്ലം അഞ്ചല്‍ സ്വദേശിനി ജി.സുജിതയെ (35) ആണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പുകാര്‍ പല സമയങ്ങളിലായി ഇരുപതോളം അക്കൗണ്ടുകളിലേക്കാണ് കടവന്ത്ര സ്വദേശിയെ കൊണ്ട് പണം അടപ്പിച്ചത്.
ഇതില്‍ ഒരു അക്കൗണ്ട് പാലാരിവട്ടം ഫെഡറല്‍ ബാങ്ക് ശാഖയില്‍ സുജിതയുടെ പേരിലുള്ളതാണ്. ഇവരുടെ സഹായത്തോടെയാണ് പണം വിദേശത്തേക്കു മാറ്റിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഈ സാമ്പത്തിക ഇടപാടുകള്‍ക്ക് യുവതിക്ക് കമ്മീഷന്‍ ലഭിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിനും തെളിവെടുപ്പിനും ശേഷം സുജിതയെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
































