നിലമ്പൂര്‍ .ചോല നായ്ക്കർ വിഭാഗത്തിൻറെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ നിലമ്പൂർ കരുളായി ഉൾവനത്തിൽ എത്തി പ്രിയങ്ക ഗാന്ധി എം.പി. പാറക്കെട്ടുകൾക്ക് മുകളിലൂടെയടക്കം കിലോമീറ്ററുകളോളം നടന്നാണ് ആദിവാസി സമൂഹമായ ചോല നായ്ക്കർ താമസിക്കുന്ന സ്ഥലത്തേക്ക് പ്രിയങ്ക ഗാന്ധി എത്തിയത്. അനുഭവിക്കുന്ന പ്രയാസങ്ങളിൽ അനുഭാവ പൂർവ്വമായ തീരുമാനം ഉണ്ടാകുമെന്ന് എം പി അവർക്ക് ഉറപ്പുനൽകി.
സാഹസികമായി കോൺഗ്രസ് നേതാക്കൾക്കൊപ്പം കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് പ്രിയങ്ക ഗാന്ധി ഉന്നതിയിൽ എത്തിയത്. കരുളായി ഉൾവനത്തിലാണ് പ്രാക്തന ഗോത്രവർഗ്ഗമായ ചോല നായ്കർ താമസിക്കുന്നത്. ചോല നായ്ക്കർ വിഭാഗത്തിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ വിനോദ് തിരഞ്ഞെടുപ്പ് സമയത്ത് ചോല നായ്ക്കർ ഉന്നതിയിൽ വരണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇതിൻറെ കൂടി അടിസ്ഥാനത്തിലാണ് എംപിയുടെ സന്ദർശനം. ഈ ആദിവാസി വിഭാഗം പുഴ കടക്കാൻ ഉപയോഗിച്ചിരുന്ന ചാലിയാറിന് കുറുകെയുള്ള പാലം തകർന്നിരിക്കുകയാണ്. ഇവിടെ പാലം വേണമെന്ന ആവശ്യവും താമസിക്കുന്ന കൂരകൾ ശോചനീയാവസ്ഥയിൽ ആണെന്നുള്ള പ്രശ്നവും ആദിവാസി സമൂഹം പ്രിയങ്ക ഗാന്ധിക്ക് മുന്നിൽ പറഞ്ഞു. അവയെല്ലാം തന്നെ എംപി കുറിച്ചെടുത്തു. കോൺഗ്രസ് നേതാക്കൾക്ക് പുറമെ ഡി എഫ് ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ശേഷം നിലമ്പൂർ റെയിൽവേ സ്റ്റേഷനിലും കനോലി പ്ലോട്ടിലും പ്രിയഗാന്ധി സന്ദർശിച്ചു. റെയിൽവേ സ്റ്റേഷന്റെ വികസന കാര്യങ്ങൾ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. മണ്ഡലത്തിലെ പ്രശ്നങ്ങൾ നേരിട്ട് പഠിക്കാനാണ് വയനാട് ലോക്സഭാമണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും പ്രിയങ്കാ ഗാന്ധി ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന സന്ദർശനം നടത്തുന്നത്.






































