പാരിപ്പള്ളി (കൊല്ലം): കിഴക്കനേല സ്വദേശിനി ആരതി റാമിനു 26.38 കോടി രൂപയുടെ യുകെ റിസർച് ആൻഡ് ഇന്നവേഷൻ ഫ്യൂച്ചർ ലീഡേഴ്സ് ഫെലോഷിപ്. വയോധികരുടെ അസ്ഥിരോഗ ചികിത്സയുമായി ബന്ധപ്പെട്ടു നാനോ ടെക്നോളജിയിലെ ഗവേഷണത്തിനു നാല് വർഷത്തേക്ക് 2.2 മില്യൻ പൗണ്ട് (26.38 കോടി രൂപ) ലഭിക്കും.
സർക്കാർ സ്കൂളിൽ മലയാളം മീഡിയത്തിൽ പഠിച്ച ആരതി 2020ൽ മേരി ക്യൂറി ഫെലോഷിപ്പും (2.70 കോടി രൂപ) നേടിയിരുന്നു. യുകെ ബ്രാഡ്ഫഡ് സർവകലാശാലയിൽ ലൈഫ് സയൻസ് അസിസ്റ്റന്റ് പ്രഫസറാണ് ആരതി റാം. പാരിപ്പള്ളി കിഴക്കനേല അയോധ്യയിൽ റിട്ട. സുബേദാർ മേജർ പരേതനായ രാമചന്ദ്രക്കുറുപ്പിന്റെയും ശശികലയുടെയും മകളാണ്.
ഭർത്താവ് അഭീഷ് രാജൻ ഉണ്ണിത്താൻ ബ്രാഡ്ഫഡ് സർവകലാശാലയിലെ ലക്ചററാണ്. മകൾ ആരുഷി. കിഴക്കനേല ഗവ. എൽപി സ്കൂൾ, കടമ്പാട്ടുകോണം എസ്കെവി എച്ച്എസ്, പാളയംകുന്ന് എച്ച്എസ്എസ് എന്നിവിടങ്ങളിലായിരുന്നു സ്കൂൾ പഠനം. കേരള സർവകലാശാലയിൽ നിന്ന് എംഎസ്‌സി ഫിസിക്സ്, കുസാറ്റിൽ നിന്ന് എംഫിൽ, സൗത്ത് കൊറിയയിൽ നിന്നു പിഎച്ച്ഡി എന്നിവ നേടിയ ശേഷമാണ് യുകെയിൽ എത്തിയത്.
































