ഇരട്ടകളായ മക്കൾ മദ്യലഹരിയിലെത്തി മർദിച്ചതിനെ തുടർന്നു സാന്ത്വന പരിചരണ കേന്ദ്രത്തിലേക്കു മാറ്റിയ കിടപ്പുരോഗിയായ അച്ഛൻ മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് 8–ാം വാർഡ് ചന്ദ്രാനിവാസിൽ ചന്ദ്രശേഖരൻ നായരാണ് മരിച്ചത്. പിതാവിനെ മർദിച്ച കേസിൽ മക്കളായ അഖിൽ ചന്ദ്രൻ, നിഖിൽ ചന്ദ്രൻ എന്നിവർ റിമാൻഡിലാണ്.
മാതാപിതാക്കൾക്കൊപ്പമാണ് അഖിലും നിഖിലും താമസിക്കുന്നത്. ഓഗസ്റ്റ് 24നു രാത്രി 10.42നു കട്ടിലിൽ കിടക്കുകയായിരുന്ന ചന്ദ്രശേഖരൻ നായരെ കട്ടിലിൽ ഇരുന്നു കൊണ്ടുതന്നെ അഖിൽ ആക്രമിക്കുകയായിരുന്നു. കയ്യിൽ ധരിച്ചിരുന്ന സ്റ്റീൽ വള കൊണ്ടു തലയ്ക്കു പിന്നിൽ അടിക്കുകയും അനങ്ങാൻ പറ്റാത്ത രീതിയിൽ കൈകൾ കൂട്ടിപ്പിടിച്ചു കഴുത്തിൽ പിടിച്ചു തിരിക്കുന്നതും നിഖിൽ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. സംഭവസമയത്തു മാതാവ് നിസ്സഹായയായി സമീപത്ത് ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
മർദനമേറ്റ് അവശനായ ചന്ദ്രശേഖരൻ നായരെ മൂത്തമകൻ പ്രവീണാണു ചേർത്തലയിലെ സ്വകാര്യ സാന്ത്വന പരിചരണ കേന്ദ്രത്തിലേക്കു മാറ്റിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് അർത്തുങ്കൽ പൊലീസ് കേസെടുത്തു.
































