രാത്രിയിൽ ഡ്യൂട്ടിക്കിടെ വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

Advertisement

കല്‍പ്പറ്റ: രാത്രിയിൽ ഡ്യൂട്ടിയുണ്ടായിരുന്ന വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. വനംവകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ കെ.കെ. രതീഷ് കുമാറിനെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി എന്‍ അന്‍ജന്‍കുമാര്‍ ആണ് നടപടിയെടുത്തത്. പരാതിയില്‍നിന്ന് പിന്മാറാന്‍ യുവതിയെ രതീഷ് കുമാര്‍ പ്രേരിപ്പിക്കാന്‍ ശ്രമിക്കുന്ന ശബ്ദരേഖ പുറത്തു വന്നിരുന്നു.

സെപ്റ്റംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. രാത്രി ഡ്യൂട്ടിയുണ്ടായിരുന്ന വനിതാ ബീറ്റ് ഓഫിസറുടെ മുറിയിലേക്ക് രതീഷ് അതിക്രമിച്ച് കടക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതി. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ രതീഷ് രാത്രിയോടെ തിരിച്ചെത്തിയാണ് ലൈംഗിക അതിക്രമം നടത്തിയത്. ബഹളം വെച്ച് പുറത്തിറങ്ങിയാണ് യുവതി രക്ഷപ്പെട്ടത്.


സംഭവം വിവാദമായതിനു പിന്നാലെ രതീഷിനെ കല്‍പറ്റ റേഞ്ച് ഓഫിസിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനുശേഷമാണ് തെറ്റുപറ്റിയെന്നും നാറ്റിക്കരുതെന്നും രതീഷ് കുമാര്‍ വനിതാ ഓഫിസറോട് ഫോണില്‍ ആവശ്യപ്പെട്ടത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണില്‍ വിളിച്ച് പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണ് ആക്ഷേപം.

Advertisement