കണ്ണൂര്‍ . കല്യാണത്തിന് റെഡിയായി യുവാക്കള്‍ എമ്പാടും, പ്രശ്നം പെണ്ണില്ല എന്നത്. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരുടെ ഒഴുക്കാണ് കണ്ണൂർ പയ്യാവൂർ പഞ്ചായത്തിലേക്ക്.. എന്താ കാര്യം എന്ന് സംശയിക്കേണ്ട,, പഞ്ചായത്ത് പ്രഖ്യാപിച്ച ‘പയ്യാവൂർ മാംഗല്യം’ പദ്ധതിയിലേക്കാണ് ആയിരക്കണക്കിന് അപേക്ഷകൾ എത്തിയത്. എന്നാൽ ലഭിച്ചതിൽ സ്ത്രീകളുടെ അപേക്ഷകൾ 10 ശതമാനത്തിൽ താഴെ മാത്രമാണെന്നത് അൽപ്പം പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർ ഇതുവഴി വരൂ.. നിങ്ങളുടെ അപേക്ഷകൾ നൽകൂ.. പഞ്ചായത്ത് നടത്തിയ പ്രഖ്യാപനം ഇങ്ങനെയാണ്. ഒരു മാസം കൊണ്ട് നാലായിരത്തോളം അപേക്ഷകൾ ലഭിച്ചു. 90 ശതമാനവും പുരുഷന്മാരുടേതാണ്..
അപ്പോൾ എങ്ങനെ പദ്ധതി മുന്നോട്ട് പോകും എന്നതാണ് അടുത്ത ചോദ്യം. ആദ്യംഘട്ടം പോലെ ആയിരിക്കില്ല, കൂടുതൽ സ്ത്രീകൾ മുന്നോട്ട് വരും എന്നതാണ് പഞ്ചായത്തിന്റെ പ്രതീക്ഷ. അതിനായി ചില ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്
സ്ത്രീകളുടെ അപേക്ഷകളിൽ വിധവകളും, വിവാഹ മോചിതരുമാണ് കൂടുതൽ. വിവാഹം ബാധ്യതയായി മുന്നിൽ കണ്ടവരുമുണ്ട്.. ലഭിച്ച അപേക്ഷകൾ തരംതിരിച്ച് അനുയോജ്യമായവരെ കൂട്ടിയോജിപ്പിക്കുകയാണ് രണ്ടാംഘട്ടം. അടുത്ത മാസം ഇതിൽ 50 പേരുടെ വിവാഹം നടത്താനാകുമെന്നാണ് പഞ്ചായത്തിന്റെ കണക്കുകൂട്ടൽ.






































