ആര്‍ജെഡി നേതാവിനെ വെട്ടിയ കേസ്; ബെംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച് പ്രതി, ഒടുവില്‍ പിടിയില്‍

Advertisement

കോഴിക്കോട്: കോഴിക്കോട് വില്യാപ്പള്ളിയിൽ ആർജെഡി നേതാവിനെ വെട്ടിയ കേസിലെ പ്രതി പിടിയിൽ.വില്യാപ്പള്ളി സ്വദേശി ലാലു എന്ന ശ്യാംലാലിനെയാണ് വടകര പൊലീസ് തൊട്ടിൽപ്പാലം കരിങ്ങാട് വെച്ച് പിടികൂടിയത്. ബെംഗളൂരുവിലേക്ക് രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് പ്രതി പൊലീസിൻ്റ പിടിയിലായത്.

ഇന്നലെ വൈകിട്ട് അ‍ഞ്ചരയോടെയാണ് ആര്‍ജെഡി വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എം.ടി.കെ സുരേഷിന് നേരെ ആക്രമണം നടന്നത്. പട്ടാപ്പകല്‍ ടൗണില്‍ ആളുകള്‍ കൂടി നില്‍ക്കുന്നതിനിടെയാണ് പിള്ളേരി മീത്തല്‍ ശ്യാം ലാല്‍ എന്ന ലാലു വടിവാളുമായി സുരേഷിനെ ആക്രമിച്ചത്.

ഭീഷണിക്ക് പിന്നാലെ ആക്രമണം

ആക്രമണത്തില്‍ സുരേഷിന്‍റെ കൈക്കാണ് പരിക്കേറ്റത്. സുരേഷ് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ഈ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.ശ്യാംലാല്‍ സുരേഷിനെ ആക്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.ശ്യാംലാല്‍ വടിവാള്‍ വീശിയപ്പോള്‍ സുരേഷ് ഒഴിഞ്ഞ് മാറിയതിനാലാണ് ജീവന്‍ നഷ്ടപ്പെടാതിരുന്നത്. സുരേഷിന് സമീപത്ത് കൂടെ നടന്ന് പോവുകയായിരുന്ന സ്ത്രീയും രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ആറുമാസം മുന്‍പ് മൈക്കുളങ്ങര താഴയില്‍ ആര്‍വൈജെ‍‍ഡി പഠന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇതിന്‍റെ പന്തല്‍ നശിപ്പിച്ച സംഭവം ഉണ്ടായിരുന്നു. ഇതിന് ശേഷം ശ്യാംലാല്‍ സുരേഷിനെതിരെ പലതവണ വധ ഭീഷണി ഉയര്‍ത്തിയിരുന്നു. ഒരിക്കല്‍ ആയുധവുമായി വീടിന് മുന്നിലെത്തിയും ഭീഷണി മുഴക്കി. ഈ സംഭവങ്ങളില്‍ ആര്‍ജെ‍ഡി പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. പൊലീസിന്‍റെ വീഴ്ചയാണ് സംഭവത്തിന് കാരണണെന്നാണ് ആര്‍ജെ‍‍ഡി ആരോപണം.ശ്യാംലാലിനെതിരെ വടകര പൊലീസ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ്സ് എടുത്തിരുന്നു.ഇപ്പോൾ പ്രതി പിടിയിലായിരിക്കുകയാണ്.

Advertisement