ഇരിങ്ങാലക്കുട. ഹൈക്കോടതി ഉത്തരവിന് പിന്നാലെ തൃശ്ശൂർ ഇരിങ്ങാലിക്കുടയിലെ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഈഴവ സമുദായത്തിൽ നിന്നുള്ള കെ എസ് അനുരാഗ് കഴകം ജോലിയിൽ പ്രവേശിച്ചു. ജാതി വിവേചനത്തെ തുടർന്ന് ആദ്യം ജോലിയിൽ പ്രവേശിച്ച ആര്യനാട് സ്വദേശി ബാലു ജോലി രാജി വെച്ചതിനെ തുടർന്നാണ് അതേ സമുദായത്തിലെ ചേർത്തല സ്വദേശിയായ അനുരാഗിനെ പകരം നിയമിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. എല്ലാവരുടെയും പിന്തുണയും ഉണ്ടാകണമെന്നും സമാനധാനത്തോടെ ജോലി ചെയ്യാൻ സാധിക്കണമെന്നും അനുരാഗും കുടുംബവും.
ചരിത്രപ്രസിദ്ധമായ കൂടൽമാണിക്യം ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് കഴകത്തിന് ഈഴവ വിഭാഗത്തിൽ നിന്നുള്ള ബി എ ബാലുവിനെ നിയമിച്ചതോടെയാണ് ജാതി വിവേചനം തലപൊക്കിയത്. എതിർപ്പുകൾ ഉണ്ടായതിനെത്തുടർന്ന് ബാലു ജോലി രാജിവച്ചു. ആസ്ഥാനത്തേക്കാണ് രണ്ടാം റാങ്കുകാരനായ അനുരാഗിനെ നിയമിച്ചത്. എസ്എൻഡിപിയുടെയും മറ്റ് സാമൂഹ്യ പരിഷ്കരണ സംഘടനകളുടെയും പിന്തുണ നിയമ പോരാട്ടത്തിൽ അനുരാഗിന് ലഭിച്ചു. തെക്കേ വാര്യത്തെ ടിവി ഹരികൃഷ്ണൻ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി സമീപിച്ചു. ഇതിലാണ് രണ്ടുദിവസം മുൻപ് ഹൈക്കോടതി തീർപ്പ് പറഞ്ഞത്. സിവിൽ കോടതി കേൾക്കേണ്ട കേസ് ആണെന്നു പറഞ്ഞ കോടതി നിയമനമോ ദേവസ്വം ബോർഡിന്റെ റാങ്ക് പട്ടികയോ നോട്ടിഫിക്കേഷനോ റദ്ദാക്കാൻ തയ്യാറായില്ല.
ഇന്നുച്ചയ്ക്ക് ദേവസ്വം ബോർഡിന്റെ കൂടൽമാണിക്യം ക്ഷേത്ര ഓഫീസിൽ എത്തി അനുരാഗ് ജോലിയിൽ പ്രവേശിച്ചു. കോടതി ഉത്തരവിന് ശേഷം ദേവസ്വം ബോർഡ് വിളിച്ച യോഗത്തിൽ കേസിൽ കക്ഷികളായ തന്ത്രിമാർ അടക്കം പങ്കെടുത്തില്ല.
എല്ലാവരുടെയും പിന്തുണയും ഉണ്ടാവണം സമാധാനത്തോടെ ജോലി ചെയ്യാൻ സാധിക്കണം എന്ന് അനുരാഗ് പറഞ്ഞു.ഈഴവ യുവാവായ അനുരാഗിന്റെ നിയമനത്തെ ചോദ്യം ചെയ്ത് ഹർജിക്കാർ സിവിൽ കോടതിയെ സമീപിച്ചാൽ നിയമപരമായി നേരിടാൻ ഒരുങ്ങുകയാണ് ദേവസ്വം ബോർഡ്

































