മലപ്പുറം. ലക്ഷദ്വീപിൽ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾക്ക് പുതുജീവൻ. നാലു പേരെയും താനൂർ പുറം കടലിൽ നിന്ന് കണ്ടെത്തി ഹാർബറിൽ എത്തിച്ചു. പുറം കടലിൽ കുടുങ്ങിയ തൊഴിലാളികളെയും ബോട്ടിനെയും താനൂരിൽ നിന്ന് പോയ മത്സ്യത്തൊഴിലാളികളാണ് രക്ഷിച്ചത്.
ഈ മാസം എട്ടാം തീയതി ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപിൽ നിന്നും മത്സ്യബന്ധനത്തിന് പോയ നാജിയ എന്ന ബോട്ടാണ് യന്ത്ര തകരാർ കാരണം പുറം കടലിൽ കുടുങ്ങിയത്. ഷംസുദ്ദീൻ, അനീസ് , ഖുദത് അലിഖാൻ, റഹ്മത്തുള്ള എന്നീ തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരെ കണ്ടെത്താനുള്ള ശ്രമം പല കോണിൽ നിന്ന് നടക്കുന്നതിനിടെ താനൂരിൽ നിന്നുപോയ മത്സ്യത്തൊഴിലാളികളാണ് ബോട്ട് തിരമാലയിൽപ്പെട്ട് നീങ്ങുന്നത് കണ്ടത്. ഉടൻ രക്ഷപ്പെടുത്തി അവശതയിലുള്ള നാലു പേരെയും ആശുപത്രിയിലേക്ക് മാറ്റി. താനൂരിൽ നിന്ന് പോയ സുബഹി ബോട്ടിലെ തൊഴിലാളികളാണ് രക്ഷാപ്രവർത്തനം നടത്തിയത്.






































