തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരില്‍ സ്‌കൂള്‍ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ യുവാവ് അത്ഭുതകരമായി രക്ഷപെട്ടു. സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന പുന്നാവൂര്‍ സ്വദേശി ജോസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
തിങ്കളാഴ്ച രാവിലെ മാറനല്ലൂരിലാണ് അപകടം സംഭവിച്ചത്. വളവില്‍വെച്ച് മറ്റൊരു വാഹനത്തെ മറികടന്ന് സ്‌കൂള്‍ ബസ് വരികയായിരുന്നു. ഇതിനിടയിലാണ് എതിര്‍വശത്ത് നിന്നും വേഗതയില്‍ ബൈക്ക് എത്തിയത്. മുന്നില്‍ ബസ് കണ്ടപ്പോള്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോള്‍ ബസിന്റെ മുന്‍ ടയറുകള്‍ക്ക് അടുത്തേക്ക് തെന്നിവീഴുകയായിരുന്നു. ഡ്രൈവര്‍ പെട്ടെന്ന് തന്നെ ബസ് നിര്‍ത്തിയതിനാല്‍ ആളപായം ഉണ്ടായില്ല. നാട്ടുകാര്‍ ഓടിക്കൂടി ജോസിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
































